രാജ്യ തലസ്ഥാനത്ത് മലയാളി വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

ഡൽഹിയിലെ സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഹിന്ദിയിൽ സംസാരിക്കാൻ അവരെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. 2025 സെപ്റ്റംബർ 24 നാണ് സംഭവം നടന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്, അവരുടെ ഭാഷയും സംസ്കാരവും ആതിഥേയ സംസ്ഥാനങ്ങളിലെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. നിയമപാലക ഏജൻസിയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സാമൂഹിക വിരുദ്ധരിൽ നിന്നും അത്തരം മോശം പെരുമാറ്റങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കേണ്ടത് പോലീസിനെപ്പോലുള്ള നിയമപാലക ഏജൻസികളുടെ ഉത്തരവാദിത്തമാണ്. പോലീസ് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്താൽ, പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളെയും ആളുകളെയും ഉപദ്രവിക്കാൻ മറ്റ് കുറ്റവാളികളെ പ്രേരിപ്പിക്കും. ഈ വിഷയം ഗൗരവമായി പരിശോധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Also Read

More Stories from this section

family-dental
witywide