
തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട് എട്ട് മാസമായി ആശാപ്രവർത്തകർ നടത്തിവരുന്ന സമരത്തിന്‍റെ ഭാഗമായി ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. മാർച്ചിൽ പാട്ടുകൊട്ടി പ്രതിഷേധിച്ച ആശാപ്രവർത്തകർ രാവിലെ 12 മണി മുതൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുകയാണ്.
ബാരിക്കേഡ് മറികടന്ന രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരുടെ മൈക്കും സ്പീക്കറും പൊലീസ് പിടിച്ചെടുത്തു. ഇതിനെതിരെ സമരക്കാർ പൊലീസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു. കസ്റ്റഡിയിലെടുത്ത ആശാപ്രവർത്തകരെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി. പൊലീസ് ലാത്തി കൊണ്ട് കുത്തിയെന്ന് ആശാപ്രവർത്തക ബിന്ദു ആരോപിച്ചു. എസ്. മിനിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും ആക്ഷേപമുയർന്നു.
അതേസമയം, ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍ ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇന്നത്തെ മാര്‍ച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യു.ഡി.എഫ് സെക്രട്ടറി സി.പി ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ല.
ന്യായമായ ആവശ്യത്തിനാണ് ആശമാരുടെ സമരം. ഫാഷിസ്റ്റ് രീതിയില്‍ സമരത്തെ നേരിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. അനാവശ്യ പിടിവാശിയും ഈഗോയും വെടിഞ്ഞ് ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും തയാറാകണം. എട്ടര മാസമായി തുടരുന്ന ആശ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.










