
നവി മുബൈ: ഒരു നാള്‍ അവളെ തിരികെ കൊണ്ടു പോകാന്‍ ഞങ്ങള്‍ വരും അതുവരെ അവളെ സുരക്ഷിതമായി നോക്കണമെന്ന് കുറിപ്പെഴുതി നവജാത ശിശുവിനെ അനാഥാലയത്തിന് മുന്‍പില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ പൊലീസ് കണ്ടെത്തി. മാതാപിതാക്കൾ നവി മുബൈയില്‍ ഒരു അനാഥാലയത്തിന് മുന്നിലാണ് കുഞ്ഞിനെ ഒരു പുതപ്പ് കൊണ്ട് പുതച്ച് കൊണ്ടു വെച്ചത്. കുഞ്ഞിനെ കിടത്തിയ ബാസ്‌കറ്റില്‍ കുഞ്ഞിനുള്ള ഭക്ഷണവും തുണിയുമെല്ലാം വെച്ചിരുന്നു. ഇതിന് പുറമെയാണ് കുഞ്ഞിനൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇപ്പോള്‍ കുട്ടിയെ നോക്കാന്‍ പറ്റുന്ന മാനസികമോ സാമ്പത്തികമോ ആയ അവസ്ഥയല്ലായെന്നും കുഞ്ഞിനെ ഉപേക്ഷിക്കുന്നതില്‍ തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പിൽ പറയുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബുര്‍ഖ ധരിച്ചെത്തിയ യുവതിയുടെയും അവരെത്തിയ കാറിൻ്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അന്വേഷണത്തിൽ പൊലീസ് മാതാപിതാക്കളെ കണ്ടെത്തുകയും ഇരുവരും സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരാണെന്നും ആരുമറിയാതെ വിവാഹം ചെയ്തതാണെന്നും മനസ്സിലാക്കി.
കുഞ്ഞിന്റെ മാതാപിതാക്കൾ 23 ഉം 24 ഉം വയസുള്ളവരാണെന്നും വീട്ടുകാരുടെ എതിര്‍പ്പുണ്ടാകുമെന്ന് കരുതി രജിസ്റ്റര്‍ മാര്യേജ് ചെയ്തവരാണെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും കുടുംബത്തെ വിവരമറിയിച്ച ശേഷം കുട്ടിയെ തിരികെ നല്‍കാനാണ് പൊലീസ് തീരുമാനം. ഇതിനായി ഇരവരുടെയും കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.