ഷൈന്‍ ടോം ചാക്കോ പ്രതിരോധത്തില്‍ ; ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ തെളിവ് പൊലീസിന്‌ ; മുടിയും നഖവും പരിശോധിക്കും

കൊച്ചി : മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ഷൈന്‍ ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍. ഇടപാടുകളുടെ രേഖകള്‍ പൊലീസ് കാണിച്ചതോടെ നടന്‍ പ്രതിരോധത്തിലായി.

നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഷൈന്‍ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് രക്തയപരിശോധനയില്‍ വ്യക്തമാകും. ഇതുകൂടാതെ നഖവും മുടിയും കൂടി പരിശോധിക്കും.

ഷൈന്‍ ലഹരി ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പൊലീസ് പരിശോധനയ്‌ക്കെത്തിയതോടെ, വേദാന്ത ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം സംബന്ധിച്ച തെളിവുകള്‍ പൊലീസിന്റെ കൈയില്‍ ഉണ്ടായിരുന്നില്ലെങ്കിലും മറ്റു ചില ഹോട്ടലുകളില്‍ താമസിച്ചത്, ചിലരുമായി ബന്ധപ്പെട്ടത്, ഗൂഗിള്‍ പേ വഴി പണം കൈമാറിയത്, ബാങ്ക് ഇടപാടുകള്‍ അടക്കമുള്ള തെളിവുകള്‍ ലഭിച്ചിരുന്നു.

നിലവില്‍, നടനെതിരെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

More Stories from this section

family-dental
witywide