നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്ക്കെതിരെ അശ്ലീല കമൻ്റ് നടത്തിയവർക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്.

അശ്ലീല കമന്റുകളുമായി എത്തിയ 30 പേർക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ തന്നെ ഒരു വ്യക്തി മനഃപ്പൂര്‍വ്വം അപമാനിക്കുന്നതായി നടി ഹണി റോസ് ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു. തന്നെ പിന്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയാണെന്നും ഹണി റോസ് പറഞ്ഞു.

വ്യക്തിയുടെ പേര് പറയാതെയാണ് ശക്തമായ ഭാഷയില്‍ ഹണി ഇതിനെതിരെ പ്രതികരിച്ചത്. ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്നാണ് ഹണി പറയുന്നത്.

പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.

ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല എന്നും ഹണി റോസ് വിവരിച്ചിട്ടുണ്ട്.

Police have registered a case against 27 people based on the complaint of actress Honey Rose.

More Stories from this section

family-dental
witywide