ബംഗ്ലാദേശില്‍ നിന്നെത്തി, ന്യൂയോര്‍ക്കിന്റെ ഹീറോയായി ദിദാരുള്‍ ഇസ്ലാം വിടപറഞ്ഞു; ഭാര്യ എട്ടു മാസം ഗര്‍ഭിണി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോസ്ഥന്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ദിദാരുള്‍ ഇസ്ലാമാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 36 കാരനായ ഇദ്ദേഹത്തിന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ കൂടിയുണ്ട്.

മൂന്നരവര്‍ഷമായി ന്യൂയോര്‍ക്ക് പൊലീസ് വകുപ്പിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ബ്രോങ്ക്‌സിലെ 47-ാമത്തെ പ്രിസിങ്ക്റ്റിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്.

ന്യൂയോര്‍ക്കിനെ വളരെ സ്‌നേഹിച്ചിരുന്ന, അറിഞ്ഞിരുന്ന ഒരാളെ നഷ്ടപ്പെട്ടുവെന്നാണ് ഇസ്ലാമിന്റെ മരണത്തെക്കുറിച്ച് മേയര്‍ എറിക് ആഡംസ് ദുഖം പങ്കുവെച്ചത്. ‘നഗരം എന്താണെന്ന് അദ്ദേഹം നന്നായി മനസിലാക്കിയിരുന്നുവെന്നും ഓഫീസറുടെ കുടുംബത്തെ കാണുകയും അദ്ദേഹം ഒരു ഹീറോ ആണെന്ന് അവരോട് പറയുകയും ചെയ്തുവെന്നും ആഡംസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ കൊണ്ടാണ് കൂടുതല്‍ മരണങ്ങളിലേക്ക് വെടിവെയ്പ്പ് കലാശിക്കാതിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം (പ്രാദേശിക സമയം) മിഡ്ടൗണ്‍ മാന്‍ഹട്ടന്‍ ഓഫീസ് കെട്ടിടത്തില്‍ നടന്ന വെടിവയ്പ്പില്‍ അക്രമി ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. 27 വയസ്സുള്ള ഷെയ്ന്‍ തമുറയാണ് ആക്രമണം നടത്തി സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഹവായ് സ്വദേശിയായ യുവാവ് പിന്നീട് ലാസ് വെഗാസിലേക്ക് താമസം മാറി. ഇയാള്‍ക്ക് തോക്ക് പെര്‍മിറ്റ് ഉള്ളതായാണ് വിവരം. 2022 ജൂണ്‍ 14 നാണ് പെര്‍മിറ്റ് നേടിയത്. ഇത് അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ളതായിരുന്നു.

More Stories from this section

family-dental
witywide