പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ലൈവ് ലൊക്കേഷനും കോൾ റെക്കോർഡും ചോർത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ സൂത്രധാരകനായ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് മീററ്റ് സ്വദേശി പ്രവീൺകുമാർ (36) ആണ് അറസ്റ്റിലായത്. ഇയാൾ പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് പിടിയിലായ പ്രതി. കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയല്‍ വി ജോസിനെയും സഹായിയായി പ്രവർത്തിച്ച രണ്ടാം പ്രതി അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
പണം നൽകിയാൽ ഏത് രാജ്യത്തുള്ളവരുടെയും വ്യക്തി വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഹാക്ക് ചെയ്യുന്ന സംഘത്തിലെ മൂന്നാമനാണ് പിടിയിലായത്. അടൂർ സ്വദേശി ജോയൽ വി ജോസായിരുന്നു ഹാക്കിംഗിന്‍റെ ബുദ്ധി കേന്ദ്രം. ആരെക്കുറിച്ചുമുള്ള എന്ത് വിവരവും ജോയൽ ഹാക്ക് ചെയ്ത് നൽകുമായിരുന്നു. കമിതാക്കളാണ് കൂടുതലും ചോർത്തലിന് ഈ സംഘത്തെ സമീപിച്ചിരുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ നിർദേശത്തെ തുടർന്നാണ് പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജോയലിനെ അറസ്റ്റ് ചെയ്തത്. ജോയലിനെ ചോദ്യം ചെയ്തതിലൂടെ പെൺസുഹൃത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻ അനൂജ് പട്ടേലും പിടിയിലായി. തുടർന്നാണ് സൂത്രധാരൻ പ്രവീൺ കുമാറിലേക്ക് എത്തുന്നത്. ലൈവ് ലൊക്കേഷനും ഫോൺ കോൾ രേഖകളും ചോർത്തി ജോയലിന് നൽകിയിരുന്നത് പ്രവീൺ കുമാർ ആയിരുന്നു. അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Police officer, main mastermind in Kerala’s biggest hacking case, arrested













