കോഴിക്കോട്: സുന്നത്ത് കര്‍മ്മം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്‌കൂളിനു സമീപം പൂവനത്ത് ഷാദിയയുടെയും ഫറോക്ക് സ്വദേശി ഇത്തിയാസിന്റെയും ഏകമകന്‍ എമില്‍ ആദം ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.
സുന്നത്ത് ചെയ്യാനായി കുടുംബം കുഞ്ഞിനെ കാക്കൂരിലെ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. ചികിത്സക്ക് മുന്‍പായി ഇവിടെ നിന്നും കുഞ്ഞിന് അനസ്‌തേഷ്യ നല്‍കി. എന്നാല്‍ അനസ്‌തേഷ്യ നല്‍കിയതോടെ ശ്വസതടസ്സമുണ്ടാകുകയും തുടര്‍ന്ന് പെട്ടെന്ന് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് വിധേയമാക്കി. സംഭവത്തില്‍ കാക്കൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം കുഞ്ഞിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.













