
താമരശ്ശേരി: വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ ഉപദ്രവിച്ചവരില്‍ പൊലീസുകാരന്റെ മകനും. പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാര്‍ഥികളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. കൊല്ലണമെന്ന് ഉറപ്പിച്ചശേഷമാണ് ഷഹബാസിനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയത്. അതിനു മുന്‍പു തന്നെ ഷഹബാസിനെ കൊല്ലുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാര്‍ഥികളെന്നതിനപ്പുറം കൃത്യമായ ആസൂത്രണവും ക്രിമിനല്‍ മനസ്സോടെയുമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും സംഭവം വ്യക്തമാക്കുന്നു. കൂട്ടം ചേര്‍ന്ന് മര്‍ദിച്ചാല്‍ കേസ് നില്‍ക്കില്ലെന്നും മരിച്ചാല്‍ പോലും ജയിലില്‍ കിടക്കേണ്ടി വരില്ലെന്നുമുള്‍പ്പെടെയുള്ള നിയമ വശങ്ങളും കുട്ടികളുടെ ചര്‍ച്ചയില്‍ വന്നിരുന്നു.
കേരളം ഞെട്ടിയ കൊടുംക്രൂരത കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു വലിയ പിടിവള്ളി എസ്എസ്എല്‍സി പരീക്ഷയാണ്. പരീക്ഷയായതിനാല്‍ അതിന്റെ ആനുകൂല്യവും ലഭിക്കുമെന്ന് ഇവര്‍ കരുതുന്നു. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അതും നിയമത്തിന്റെ ആനുകൂല്യമായി ഇവര്‍ കരുതി.
അടുത്ത സുഹൃത്താണ് ഷഹബാസിനെ വാടകവീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുവന്നത്. ആളുകള്‍ നോക്കിനില്‍ക്കെ നഗരമധ്യത്തിലിട്ടായിരുന്നു ആക്രമണം. പഠനത്തിലുള്‍പ്പെടെ ഷഹബാസ് മിടുക്കനായിരുന്നുവെന്നും സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ഷഹബാസിന്റേതെന്നുമാണ് അറിയാന്‍ കഴിയുന്നത്.