
പൊന്‍കുന്നം: ഒരുവര്‍ഷം മുമ്പാണ് ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പൊന്‍കുന്നത്ത് ബെവറജസ് ഔട്ട്‌ലെറ്റ് പൂട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഉണ്ടായ ഒരു സംഭവം ജീവനക്കാരിലും സമൂഹമാധ്യമങ്ങളിലും ചിരി പടര്‍ത്തുകയാണ്.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ബെവറജസ് തുറന്ന സന്തോഷത്തില്‍ ദക്ഷിണ നല്‍കിയാണ് ആദ്യ കുപ്പി ഒരു യുവാവ് വാങ്ങിയത്. വെറ്റിലയില്‍ അടയ്ക്കയും പണവുംവെച്ചാണ് യുവാവ് ബെവറജസിലെ ജീവനക്കാരനെ ഏല്‍പ്പിച്ചത്. മാത്രവുമല്ല, ആദ്യം വില്‍ക്കുന്ന കുപ്പി വാങ്ങാനായി നെറ്റിയില്‍ ഭസ്മക്കുറിയുംതൊട്ടായിരുന്നു യുവാവിന്റെ നില്‍പ്പ്. പ്രദേശവാസിയായ രഞ്ജുവാണ് സന്തോഷാധിക്യത്താല്‍ ദക്ഷിണയുമായെത്തിയത്. കൂട്ടത്തില്‍ ഒരു പ്രാര്‍ത്ഥന കൂടിയുണ്ട് ഇയാള്‍ക്ക് ഇനി ഈ ബെവറജസ് പൂട്ടരുതേയെന്നാണ് അത്.
ഇപ്പോള്‍ പൊന്‍കുന്നം മേഖലയില്‍നിന്നുള്ളവര്‍ 11 കി.മീ ദൂരം സഞ്ചരിച്ചാണ് എലിക്കുളം മഞ്ചക്കുഴിയിലെ മദ്യശാലയിലെത്തുന്നത്.