എലിയും പാറ്റയും ഏകാന്ത തടവും… ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ തടവറയിൽ മോശം സാഹചര്യം; ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സംഘടന

ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെ തടവിലാക്കിയിരിക്കുന്നത് മോശം സാഹചര്യങ്ങളിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ (UN) മനുഷ്യാവകാശ വിദഗ്ധ ആലീസ് ജിൽ എഡ്വേർഡ്‌സ് അതീവ ആശങ്ക രേഖപ്പെടുത്തി. റാവൽപിണ്ടിയിലെ അദിയാല ജയിലിലെ ഇവരുടെ തടവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.

വായുസഞ്ചാരമില്ലാത്തതും ചെറുതും വൃത്തിഹീനവുമായ സെല്ലിലാണ് ബുഷ്‌റ ബീബിയെ പാർപ്പിച്ചിരിക്കുന്നത്. എലി, പാറ്റ തുടങ്ങിയ പ്രാണികളുടെ ശല്യം സെല്ലിൽ ഉള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മലിനമായ കുടിവെള്ളവും അമിതമായി എരിവുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണവും നൽകുന്നതുമൂലം അവർക്ക് 15 കിലോയോളം ഭാരം കുറയുകയും ആമാശയത്തിൽ അൾസർ, പഴുപ്പ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഒരു ദിവസം 22 മണിക്കൂറിലധികം ഏകാന്ത തടവിലാണെന്നും ചിലപ്പോൾ ഇത് തുടർച്ചയായി 10 ദിവസത്തോളം നീളുന്നുണ്ടെന്നും യുഎൻ വിദഗ്ധർ പറയുന്നു.

വ്യായാമം ചെയ്യാനോ വായനയ്ക്കോ ഉള്ള സൗകര്യം നിഷേധിച്ചിരിക്കുകയാണ്. അഭിഭാഷകരുമായോ കുടുംബാംഗങ്ങളുമായോ ഡോക്ടർമാരുമായോ ബന്ധപ്പെടാൻ കൃത്യമായ അനുമതി നൽകുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ബുഷ്‌റ ബീബിയുടെ ആരോഗ്യവും അന്തസ്സും സംരക്ഷിക്കാൻ പാകിസ്ഥാൻ അധികൃതർ ഉടനടി നടപടി സ്വീകരിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനും ബുഷ്‌റ ബീബിക്കും 17 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. വിശ്വാസവഞ്ചനയ്ക്ക് 10 വർഷവും അഴിമതിക്ക് 7 വർഷവും ഉൾപ്പെടെ ആകെ 17 വർഷം വീതമാണ് ഇരുവരെയും ശിക്ഷിച്ചത്. കൂടാതെ ഓരോരുത്തർക്കും 1.64 കോടി പാകിസ്ഥാൻ രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

Poor conditions in Imran Khan’s wife Bushra Bibi’s prison, United Nations expresses concern.

More Stories from this section

family-dental
witywide