
വത്തിക്കാൻ സിറ്റി: 5 ആഴ്ചയിലേറെ നീണ്ട ആശുപത്രിവാസത്തിന് ശേഷം ഇതാദ്യമായി വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. അഞ്ച് ആഴ്ചത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിടുന്നതിന് തൊട്ടുമുന്നെയാണ് മാർപാപ്പ വിശ്വാസികളെ കണ്ടത്. റോമിലെ ജമേലി ആശുപത്രിയുടെ ജനാലക്കരികില്‍ എത്തിയ അദ്ദേഹം വിശ്വാസികളെ ആശീര്‍വദിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങി. ആശുപത്രിക്ക് മുന്നിൽ തന്നെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. ആശുപതിയുടെ പത്താം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ശേഷം ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്കു മടങ്ങുകയായിരുന്നു. മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് മാര്‍പാപ്പയെ കഴിഞ്ഞ മാസം 14 നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.