
വത്തിക്കാന്‍ സിറ്റി: ദുഖം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷമാണ് വത്തിക്കാനെ മൂടുന്നത്. കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും രക്ഷാധികാരിയായ മഹാ ഇടയന് വിടനല്‍കുന്ന നിമിഷങ്ങളിലൂടെയാണ് വത്തിക്കാന്‍ കടന്നുപോകുന്നത്. കത്തോലിക്കാ സഭയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തി ജീവിതയാത്ര അവസാനിപ്പിച്ച് മടങ്ങുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്തിമ യാത്രയയപ്പ് നല്‍കുന്നതിനായി ശനിയാഴ്ച നിരവധിപേരാണ് വത്തിക്കാന്‍ സിറ്റിയില്‍ ഒത്തുകൂടിയത്. റോമിലെ തെരുവുകള്‍ ദുഖിതരായ പ്രിയജനത്താല്‍ നിറയുന്നു.
സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി. ഇത് ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്. ചടങ്ങിൽ 200,000 പേർ പങ്കെടുക്കുന്നുണ്ട്.
സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ശവസംസ്‌കാര കുര്‍ബാനയില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള അനുയായികളെ ചേര്‍ത്തുപിടിച്ച മാര്‍പാപ്പയ്ക്കായി ‘ ഇംഗ്ലീഷില്‍ ഒരു ബൈബിള്‍ വായനയും ഫ്രഞ്ച്, അറബിക്, പോര്‍ച്ചുഗീസ്, പോളിഷ്, ജര്‍മ്മന്‍, ആദ്യമായി മന്ദാരിന്‍ എന്നിവയുള്‍പ്പെടെ നിരവധി ഭാഷകളില്‍ ‘വിശ്വാസികളുടെ പ്രാര്‍ത്ഥന’ അര്‍പ്പിക്കും.
കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പടികളിലാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. 50-ലധികം ലോക നേതാക്കളും 11 ഭരണാധികാരികളും പങ്കെടുക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രത്തിന്റെ തലവനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് റോമാല്‍ഡെസ് മാര്‍ക്കോസ് ജൂനിയര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.
വത്തിക്കാന്‍ സിറ്റിയില്‍ നിന്ന് പോപ്പിന്റെ അന്ത്യവിശ്രമ സ്ഥലമായ സാന്താ മരിയ മാഗിയോറിലേക്കുള്ള ഘോഷയാത്ര കടന്നുപോകുമ്പോള്‍ മാര്‍പാപ്പയുടെ മൃതദേഹം വഹിക്കുന്ന പേടകം കാണാന്‍ ഒരു ദശലക്ഷത്തിലധികം പേര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.






