യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാകാൻ ‘ധൈര്യം’ കാണിക്കണമെന്ന് ലിയോ മാർപാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് പോപ്പിന്റെ ആഹ്വാനം. ക്രിസ്മസ് ദിനത്തിൽ പാപ്പാ പതിവായി നടത്തുന്ന സന്ദേശത്തിലാണ് ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പയുടെ ആഹ്വാനം.
ആയുധങ്ങളുടെ ഗർജ്ജനം നിലയ്ക്കട്ടെ. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ബന്ധപ്പെട്ട കക്ഷികൾ സത്യസന്ധവും നേരിട്ടും പരസ്പര ബഹുമാനത്തോടെയും സംവദിക്കാൻ ധൈര്യം കണ്ടെത്തട്ടെയെന്ന് യുക്രെയ്നെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പയുടെ അഭ്യർത്ഥന. കീവ്–മോസ്കോ തമ്മിൽ ഒരു ധാരണ ഉണ്ടാക്കാൻ അമേരിക്ക മധ്യസ്ഥത വഹിച്ചുവരുന്നുവെങ്കിലും ഈ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇതുവരെ നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ല.
തായ്‌ലൻഡ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ സംഘർഷങ്ങളും മാർപാപ്പ തന്റെ സന്ദേശത്തിൽ പരാമർശിച്ചു. ജൂലൈയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അതിർത്തി മേഖലകളിൽ വീണ്ടും സംഘർഷം ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള പുരാതന സൗഹൃദം പുനഃസ്ഥാപിക്കാനും സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇതിനു മുമ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തിയ ക്രിസ്മസ് ദിന പ്രഭാഷണത്തിൽ ലോകമെമ്പാടുമുള്ള ഭവനരഹിതരുടെ ദയനീയ അവസ്ഥയെയും യുദ്ധങ്ങൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെയും കുറിച്ച് മാർപാപ്പ ദുഃഖം പ്രകടിപ്പിച്ചിരുന്നു. പല യുദ്ധങ്ങൾ നേരിട്ട ഇപ്പോഴും തുടരുന്നതോ അവസാനിച്ചതോ ആയ സംഘർഷങ്ങൾക്കിടയിൽ തകർന്ന ജനങ്ങളുടെ ജീവിതം അതീവ നിസ്സഹായമാണ്. അവശിഷ്ടങ്ങളും മായാത്ത മുറിവുകളും മാത്രമാണ് ശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയും കാറ്റും തണുപ്പും നേരിട്ട് ആഴ്ചകളായി തുറന്നുകിടക്കുന്ന ഗാസയിലെ കൂടാരങ്ങളെക്കുറിച്ച് നമ്മൾ എങ്ങനെ ചിന്തിക്കാതിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Pope Leo has urged Ukraine and Russia to find the “courage” to hold direct talks to end the war during his first Christmas remarks to crowds in St Peter’s square.














