എഐ നിർമ്മിക്കുന്നത് ദൈവസൃഷ്ടിയിൽ പങ്കാളിയാകുന്നതുപോലെ – ലിയോ മാർപാപ്പ, സാങ്കേതികവിദഗ്ധർ ധാർമ്മികതയോടെ എഐ നിർമ്മിക്കണമെന്നും ആഹ്വാനം

റോം: കൃത്രിമ ബുദ്ധിയെ (AI) കുറിച്ച് ലോകം ആവേശത്തോടെ സംസാരിക്കുമ്പോൾ, വത്തിക്കാൻ ആത്മീയ സംഭാഷണത്തിന്റെ ഭാഗമാക്കി. സാങ്കേതികവിദഗ്ധരും ശാസ്ത്രജ്ഞരും ബിസിനസ് നേതാക്കളും മനുഷ്യന്റെ അന്തസിനെയും പൊതുവായ നന്മയും മുൻനിർത്തി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ വീണ്ടും എഐയെ കുറിച്ച് പ്രതികരിച്ചു.

റോമിലെ പോണ്ടിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന Builders AI Forum 2025ൽ പങ്കെടുത്തവരോട് അയച്ച സന്ദേശത്തിൽ, എഐയെ ആത്മീയതയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നവരെ മാർപാപ്പ പ്രശംസിച്ചു. എഐ എന്ത് ചെയ്യുന്നു എന്നതല്ല പ്രധാന ചോദ്യം, നാം അതിലൂടെ എന്താകുന്നു എന്നതാണെന്ന് പോപ്പ് പറഞ്ഞു.

പോപ്പിന്റെ അഭിപ്രായത്തിൽ, എഐ വെറും കോഡ് അല്ല, അത് മനുഷ്യന്റെ സൃഷ്ടിപരമായ ആത്മാവിന്റെ പ്രതിഫലനമാണ്. ദൈവം മനുഷ്യർക്കു നല്കിയ സൃഷ്ടിശക്തിയുടെ ഭാഗമായാണ് സാങ്കേതിക നവീകരണത്തെ അദ്ദേഹം കാണുന്നത്. എന്നാൽ അതിന് ഉത്തരവാദിത്തവും ധാർമ്മികതയും വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഓരോ എഐ ഉപയോഗിച്ച് ചെയ്യുന്ന ഓരോ തീരുമാനവും മനുഷ്യനെയെപ്പറ്റിയുള്ള ഒരു ദർശനം പ്രകടിപ്പിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം നീതി, ഐക്യബോധം, മനുഷ്യരോടുള്ള ബഹുമാനം എന്നിവ അടിസ്ഥാനമാക്കി എഐ വികസിപ്പിക്കാൻ ആഹ്വാനം ചെയ്തു. ബുദ്ധി, കൃത്രിമമാകട്ടെ മനുഷ്യമായിരിക്കട്ടെ, അതിന്റെ പൂർണ്ണ അർത്ഥം കണ്ടെത്തുന്നത് സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും ദൈവബന്ധത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു.

ഡീപ്‌ഫേക്ക് വിവരങ്ങൾ മുതൽ യുദ്ധത്തിലേക്കുള്ള എഐ ഉപയോഗം വരെ നീളുന്ന സാങ്കേതിക ലോകത്തിലെ നൈതിക ചർച്ചകൾക്കിടയിലാണ് പോപ്പിന്റെ ഈ സന്ദേശം. എഐ നേരിടാനും ഉപയോഗപ്പെടുത്താനും സർക്കാരുകൾ നിയമങ്ങൾ രൂപപ്പെടുത്തുമ്പോൾ, വത്തിക്കാന്റെ സന്ദേശം ആത്മീയ മാർഗ്ഗനിർദ്ദേശമായി മാറുകയാണ്. എഐയെ കുറിച്ച് മാർപ്പാപ്പ ചർച്ച ചെയ്യുന്നത് ഇതാദ്യമല്ല. AIയെ മനുഷ്യന്റെ നൈതികതയ്ക്കും തൊഴിൽ രംഗത്തിനുമുള്ള വെല്ലുവിളിയായി വിശേഷിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ എഐ വികസനം ആത്മീയമായ ഒരു വിളിയാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Pope Leo says building AI is like participating in God’s creation, calls on technologists to build AI ethically