
റോം : സിനിമ വെറുമൊരു വിനോദത്തിനുള്ള കലയല്ലയെന്നും, മനുഷ്യന്റെ ആത്മീയസാഹസികതയുമായി അനുസ്യൂതം അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്മാരെയും സംവിധായകരെയും വത്തിക്കാനില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാലോകത്തിനു മനുഷ്യരാശിയുടെ ജീവിതത്തിൽ, കൂടുതൽ ആഴത്തിലുള്ള യാഥാർത്ഥ്യങ്ങൾ പ്രകടമാക്കാൻ കഴിഞ്ഞുവെന്നും, ജീവിതത്തെ കുറിച്ച് കൂടുതൽ ധ്യാനിക്കുവാനും, മനസിലാക്കുവാനും, മഹത്വവും ദുർബലതയും, തിരിച്ചറിയുവാനും, ഗൃഹാതുരത്വത്തെ വ്യാഖ്യാനിക്കാനും സാധിച്ചുവെന്നു ആമുഖമായി പാപ്പ പറഞ്ഞു.
കേറ്റ് ബ്ലാന്‍ഷെറ്റ്, വിഗ്ഗോ മോര്‍ട്ടെന്‍സന്‍, മോണിക്ക ബെല്ലൂച്ചി തുടങ്ങിയ അഭിനേതാക്കളും സംവിധായകന്‍ സ്‌പൈക്ക് ലീ അടക്കമുള്ളവരും വത്തിക്കാനിലെത്തിയിരുന്നു. താരങ്ങളോടും സംവിധായകരോടും ‘ഭാവനയുടെ തീര്‍ത്ഥാടകര്‍’ എന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും ‘പ്രതീക്ഷ കൊണ്ടുവരാന്‍’ സഹായിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു. മാര്‍പാപ്പയ്ക്ക് കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള ലോകവുമായി കൂടുതല്‍ ഇടപഴകുന്നതിനുള്ള ഒരു മാര്‍ഗവുമായാണ് സെലിബ്രിറ്റി മീറ്റിംഗ് സംഘടിപ്പിച്ചത്. ആഗോള ചലച്ചിത്ര വ്യവസായത്തിന് ലിയോ പതിനാലാമന്‍ നല്‍കുന്ന ശക്തമായ പിന്തുണ കൂടിയായിരുന്നു ഇത്.
സിനിമ കാണുന്ന ശീലം പൊതുവില്‍ ഇല്ലാതാവുകയാണെന്നും സംസാരിക്കവേ മാര്‍പാപ്പ പറഞ്ഞു. ”സിനിമയുടെ സാമൂഹിക – സാംസ്‌കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം. യുദ്ധം, അക്രമം, ദാരിദ്ര്യം, ഏകാന്തത തുടങ്ങിയ വിഷയങ്ങളെ സിനിമ സത്യസന്ധമായി അഭിമുഖീകരിക്കണം” മാര്‍പാപ്പ പറഞ്ഞു. ‘മഹത്തായ ദിവസം’ എന്നാണ് സംവിധായകന്‍ സ്‌പൈക്ക് ലീ കൂടിക്കാഴ്ചയെ വാഴ്ത്തിയത്. ഇത്തരത്തിലൊരു സമ്മേളനം വത്തിക്കാനിലെ ചരിത്ര സംഭവമായിരുന്നു.
Pope Leo welcomes Hollywood stars to the Vatican.















