
വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടു വിയോജിച്ച് യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ ലിയോ പതിന്നാലാമൻ.
കുടിയേറ്റക്കാരുടെ അന്തസ്സ് മാനിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ വാക്കുകൾ.
വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെതന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
“എന്റെ കഥതന്നെ അത്തരമൊരു പൗരന്റേതാണ്. കുടിയേറ്റക്കാരുടെ പിൻഗാമി, പിന്നീട് പ്രവാസം തിരഞ്ഞെടുത്തവൻ” -അദ്ദേഹം പറഞ്ഞു. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധമാണ് സമൂഹത്തിന്റെ അടിത്തറയെന്ന സഭയുടെ പരമ്പരാഗത അനുശാസനം ലിയോ പതിന്നാലാമൻ മാർപാപ്പയും ആവർത്തിച്ചു. യുഎസിലെ ഷിക്കാഗോയിൽ ജനിച്ച ലിയോ പതിന്നാലാമന്റെ പൂർവികർ കുടിയേറ്റക്കാരായിരുന്നു.
Pope Leo XIV disagrees with Trump, expresses sympathy and solidarity with immigrants