വിശുദ്ധ പത്രോസിന്‍റെ പിൻഗാമി, ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചുമതലയേറ്റു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലിയോ പതിനാലാമൻ കത്തോലിക്കാ സഭയുടെ അധിപനായി ചുമതലയേറ്റത്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്.

മൂന്നരയോടെ കുര്‍ബാന പൂര്‍ത്തിയായി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടന്നത്. ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുര്‍ബാന നടന്നത്. കുര്‍ബാന മധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. കുര്‍ബാനയ്ക്കൊടുവിൽ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. കത്തോലിക്ക സഭയുടെ 267-ാം മാര്‍പാപ്പയാണ് ലിയോ പതിനാലാമൻ.

ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിരുന്നു.

More Stories from this section

family-dental
witywide