
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് വത്തിക്കാൻ പ്രഖ്യാപിച്ച 9 ദിവസത്തെ ദുഃഖാചരണം ഇന്ന് അവസാനിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പേപ്പൽ ചാപ്പലിൽ ഇന്നത്തെ കുർബാനയിൽ കർദിനാൾമാർ എല്ലാവരും പങ്കെടുക്കും. കോൺക്ലേവ് തുടങ്ങുന്ന 7നു രാവിലെയും കുർബാനയുണ്ട്. വോട്ടവകാശമുള്ള കർദിനാൾമാർ ചൊവ്വാഴ്ച വൈകിട്ടോടെ സാന്താ മാർത്ത അതിഥിമന്ദിരത്തിലേക്കു താമസം മാറും. വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാകും കോൺക്ലേവിന്റെ അധ്യക്ഷൻ.
മാർപാപ്പയെ തിരഞ്ഞെടുക്കാൻ 7ന് തുടങ്ങുന്ന കോൺക്ലേവ് എത്ര ദിവസം ഉണ്ടാകുമെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ല. മൂന്നാം ദിവസം കോൺക്ലേവ് അവസാനിക്കുമെന്ന് ഊഹം പറയുന്നവരുണ്ട്; ഏറെ ദിവസം നീളാമെന്നു സാധ്യത പറയുന്നവരും. മണിക്കൂറുകൾക്കകം തീർന്നതും, 2 വർഷവും 9 മാസവും നീണ്ടതുമായ കോൺക്ലേവുകൾ ചരിത്രത്തിലുണ്ട്.
പാപ്പയുടെ തിരഞ്ഞെടുപ്പിന് 3 രീതികൾ നേരത്തേ നിർദേശിച്ചിരുന്നു: സ്വീകാര്യനായ വ്യക്തിയുടെ പേര് കർദിനാൾമാർ വിളിച്ചുപറയുക, ഏതാനും കർദിനാൾമാർ ചേർന്നു ധാരണയുണ്ടാക്കുക, വോട്ടെടുപ്പ്. ഇതിൽ, ആദ്യ 2 രീതികളും ഒഴിവാക്കാനും വോട്ടെടുപ്പിലൂടെയുള്ള തിരഞ്ഞെടുപ്പിനും 1996ൽ ജോൺ പോൾ രണ്ടാമൻ വ്യവസ്ഥ ചെയ്തു.
പലതവണ വോട്ടെടുപ്പു നടത്തിയിട്ടും മൂന്നിൽ രണ്ട് വോട്ട് ആർക്കും ലഭിക്കുന്നില്ലെങ്കിൽ, അടുത്ത ബാലറ്റിൽ 50 ശതമാനത്തിലേറെ വോട്ട് ലഭിക്കുന്നയാൾ തിരഞ്ഞെടുക്കപ്പെടും എന്നു വ്യവസ്ഥയുണ്ടാക്കി. എന്നാൽ, ഇതു വോട്ടെടുപ്പിന്റെ തവണ വർധിപ്പിച്ച്, 50 ശതമാനത്തിലേറെ വോട്ട് എന്ന സാഹചര്യത്തിലെത്തിക്കാനുള്ള ശ്രമത്തിന് ഇടയാക്കാമെന്നു വിലയിരുത്തപ്പെട്ടു. ബനഡിക്ട് പതിനാറാമൻ കൊണ്ടുവന്ന മാറ്റം ഇങ്ങനെയാണ്: നിശ്ചിത തവണ കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ വോട്ട് നേടിയവരിൽ 2 പേർ മാത്രമേ ബാലറ്റ് പേപ്പറിൽ പരാമർശിക്കപ്പെടൂ. എന്നാൽ, അവരിലൊരാളെ തിരഞ്ഞെടുക്കാനും മൂന്നിൽ രണ്ട് വോട്ട് വേണം. ഈ സാഹചര്യത്തിലും, 2 പേരുകളിലായി ഭിന്നിച്ചുനിൽക്കുന്നവർ നിലപാടു മാറ്റുന്നില്ലെങ്കിൽ തീരുമാനം നീളാമെന്നു വിലയിരുത്തുന്നവരുണ്ട്.
കോൺക്ലേവ് തുടങ്ങി ആദ്യ ദിവസം ഉച്ചതിരിഞ്ഞ് ഒരുതവണ വോട്ടെടുപ്പ് നടക്കും ∙രണ്ടാം ദിവസം മുതൽ രാവിലെയും ഉച്ചയ്ക്കും 2 തവണ വീതം വോട്ടെടുപ്പ്. ∙3 ദിവസംകൊണ്ട് പാപ്പ തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കിൽ, വോട്ടർമാരായ കർദിനാൾമാർക്കു പ്രാർഥനയ്ക്കും ധ്യാനത്തിനും അനൗപചാരിക ചർച്ചകൾക്കുമായി പരമാവധി ഒരുദിവസത്തെ ഇടവേള. ∙വീണ്ടും സമ്മേളിക്കുമ്പോൾ പരമാവധി 7 തവണ വോട്ടെടുപ്പ്. എന്നിട്ടും പാപ്പ തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കിൽ വീണ്ടും പരമാവധി 7 തവണ വോട്ടെടുപ്പ്. ∙ഫലമില്ലെങ്കിൽ, വീണ്ടും ഇടവേള. വീണ്ടും സമ്മേളിക്കുമ്പോൾ പരമാവധി 7 തവണ വോട്ടെടുപ്പ്. ∙ഫലമില്ലെങ്കിൽ, ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം കോൺക്ലേവ് തുടരും. അപ്പോൾ മുതലുള്ള വോട്ടെടുപ്പിലാണ് നേരത്തേ ഏറ്റവും കൂടുതൽ വോട്ട് നേടിയ 2 പേരുകൾ മാത്രം പരിഗണിക്കുന്നത്.
കോൺക്ലേവിൽ കർദിനാൾമാരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവർ ഇന്ന് ഇന്ത്യൻ സമയം രാത്രി 9ന് പോളീൻ ചാപ്പലിൽ സത്യപ്രതിജ്ഞയെടുക്കും. കോൺക്ലേവിൽ പാലിക്കേണ്ട രഹസ്യാത്മകത ഉൾപ്പെടെയുള്ള മര്യാദകൾ സംബന്ധിച്ചാണു പ്രതിജ്ഞ.
Pope’s death mourning period ends today papal conclave begins on the 7th