മാര്‍പാപ്പയുടെ ശവകുടീരം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു, ഒഴുകിയെത്തുന്നത് ആയിരങ്ങള്‍

വത്തിക്കാന്‍: റോമിലെ സാന്താ മരിയ മജോരേ ബസിലിക്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരം ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ശനിയാഴ്ചയാണ് പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സാന്താ മരിയ മജോരേ ബസിലിക്കയില്‍ സംസ്‌ക്കരിച്ചത്. പൗളിന്‍ ചാപ്പലിനും സ്‌ഫോര്‍സ ചാപ്പല്‍ ഓഫ് ദ ബസിലിക്കയ്ക്കുമിടയില്‍ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള ശവകുടീരത്തിന്റെ സ്ഥാനം.

ശവകുടീരത്തില്‍ ഒരു വെളുത്ത റോസാപ്പൂവ് മാത്രമാണ് അലങ്കാരത്തിനുള്ളത്. മാര്‍പാപ്പയുടെ പേര് ഫ്രാന്‍സിസ് എന്നുള്ളത് ലാറ്റിന്‍ ഭാഷയില്‍ ‘ഫ്രാന്‍സിസ്‌കസ്’ എന്ന് എഴുതിയിരുന്നു. ശവകുടീരത്തിന് മുകളില്‍ ഒരു ലൈറ്റും അതിനു സമീപത്തായി ചുവരില്‍ മാര്‍പാപ്പ ധരിച്ചിരുന്ന കുരിശുമുണ്ട്.

സന്ദര്‍ശകരില്‍ പലരും പ്രാര്‍ഥന കടന്നുപോകുമ്പോള്‍ ചിലര്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ശവകുടീരം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തതറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് റോമിലേക്ക് ഒഴുകിയെത്തുന്നത്. വത്തിക്കാനില്‍ ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം തുടങ്ങിയതിന്റെ രണ്ടാം ദിവസമാണ് ശവകുടീരം തുറന്നത്. അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്നതിനായി ഒരു കോണ്‍ക്ലേവ് നടക്കുന്നത് മേയ്യിലാണ്.

മാര്‍പാപ്പയുടെ ശവസംസ്‌കാര ശേഷം, സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഞായറാഴ്ച പ്രത്യേക കുര്‍ബാന അര്‍പ്പിച്ചു. അടുത്ത കാലം വരെ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്റെ നേതൃത്വത്തിലായിരുന്നു കുര്‍ബാന. അടുത്ത മാര്‍പാപ്പയാകാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ട്.

More Stories from this section

family-dental
witywide