അവിവാഹിതയായ മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തൃശ്ശൂര്‍: കേരള മനസാക്ഷിയെ ഞെട്ടിച്ച് അവിവാഹിതയായ മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

പ്രതി ഭവിന്‍ സ്റ്റേഷനില്‍ എത്തിച്ച അസ്ഥികളും ഇരുവരുടെയും വീടുകളില്‍ നിന്ന് ഫൊറന്‍സിക് സംഘം ശേഖരിച്ച അസ്ഥികളുമാകും പോസ്റ്റ്മോര്‍ട്ടം ചെയ്യുക. അസ്ഥികള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. തുടന്ന് ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് മൃതദേഹ അവശിഷ്ടങ്ങള്‍ അയക്കും.

അതേസമയം, കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ അനീഷയെയും ഭവിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എഫ്‌ഐആറില്‍ രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷ ആണെന്നാണ് പറയുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഭവിന്‍ മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്ന് പറഞ്ഞത്.

ആദ്യ കുഞ്ഞിനെ 2021 നവംബര്‍ ആറിന് പ്രസവ ശേഷം ശ്വാസം മുട്ടിച്ച് കൊന്നുവെന്നും ശേഷം മൃതദേഹം വീടിന്റെ ഇടത് വശത്ത് മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമായിരുന്നു പ്രതിയായ അനീഷയുടെ മൊഴി. ഇന്നലെ കുഴി തുറന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. 2024 ഓഗസ്റ്റ് 29 നായിരുന്നു രണ്ടാമത്തെ പ്രസവം. കുഞ്ഞിനെ അനീഷ ശ്വാസം മുട്ടിച്ചു കൊന്നശേഷം ബാത്ത് റൂമില്‍ സൂക്ഷിച്ചു, തൊട്ടടുത്ത ദിവസം ബാഗിലാക്കി ഭവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഭവിനാണ് രണ്ടാമത്തെ ജഡം കുഴിച്ചിട്ടത്. കര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാന്തിയെടുക്കുകയും ചെയ്തിരുന്നു.

കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.