
കൊല്‍ക്കത്ത: ബിജെപി എംഎല്‍എയുടെ വായില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി മാള്‍ഡ ജില്ലാ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രസിഡന്റ് അബ്ദുര്‍ റഹീം ബക്ഷി. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബിജെപി, സിപിഐ(എം), കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൈകാലുകള്‍ വെട്ടിമാറ്റുമെന്ന് ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പുതിയ ആസിഡ് ഭീഷണി.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് കാട്ടി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ബക്ഷി. അതിനിടെയാണ് ഭീഷണി ഉയര്‍ത്തിയത്. ബിജെപി നിയമസഭാംഗമായ ശങ്കര്‍ ഘോഷിനെതിരെയാണ് ബക്ഷി ആക്രമണം അഴിച്ചുവിട്ടത്. അദ്ദേഹത്തിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു ഭീഷണിയുടെ സ്വരം ഉയര്‍ത്തിയത്. ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ‘റോഹിംഗ്യകള്‍’ അല്ലെങ്കില്‍ ‘ബംഗ്ലാദേശികള്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ശങ്കര്‍ ഘോഷ് നിയമസഭയില്‍ നടത്തിയ മുന്‍കാല പരാമര്‍ശങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നനു ബക്ഷി ഭീഷണിപ്പെടുത്തിയത്.
” ബംഗാളില്‍ നിന്ന് പുറത്ത് ജോലി ചെയ്യുന്ന 30 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ ബംഗാളികളല്ല… അവര്‍ റോഹിംഗ്യകളാണെന്നും അവര്‍ ബംഗ്ലാദേശികളാണെന്നും ലജ്ജയില്ലാതെ പറയുന്നയാള്‍. അദ്ദേഹം ഇത് വിളിച്ചുപറഞ്ഞു. ഞാന്‍ അന്നും ഇന്നും പറയുന്നു, നിങ്ങളില്‍ നിന്ന് ഇത് വീണ്ടും കേട്ടാല്‍, നിങ്ങളുടെ വായില്‍ ആസിഡ് ഒഴിച്ച് ഞാന്‍ നിങ്ങളുടെ ശബ്ദം കത്തിച്ച് ചാരമാക്കും. ഇത് പശ്ചിമ ബംഗാളാണെന്ന് നിങ്ങള്‍ അറിയണം. ഞങ്ങള്‍ ബംഗാളികള്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ ഇടം നല്‍കില്ല. ഞാന്‍ നിങ്ങളുടെ മുഖം ആസിഡ് ഉപയോഗിച്ച് കത്തിക്കും”- അദ്ദേഹം പറഞ്ഞു. മാത്രമല്ല, ബിജെപി പതാകകള്‍ വലിച്ചുകീറാനും ജില്ലയില്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ടിഎംസി മേധാവി മമത ബാനര്‍ജിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ബക്ഷിയുടെ പ്രസ്താവന. എത്തിയത്. അപകീര്‍ത്തികരമോ പ്രകോപനപരമോ ആയ ഭാഷ ഉപയോഗിക്കുന്നതിനെതിരെ അവര്‍ തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ തകര്‍ക്കുമെന്ന് മമത നേതാക്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.
ഈ പരാമര്‍ശങ്ങള്‍ ബിജെപിയില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് കാരണമായി. ഭരണകക്ഷി, ഭീഷണിയുടെയും അക്രമത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയുടെ നിരാശയെയാണ് ഇത്തരം ഭീഷണികള്‍ പ്രതിഫലിപ്പിക്കുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി.