
രാജസ്ഥാൻ റോയൽസിന്‍റെ ആരാധകർക്ക് സന്തോഷ വാർത്ത. നായകനും മലയാളി താരവുമായ സഞ്ജു സാംസൺ ടീമിനെ നയിക്കാനായി തിരിച്ചെത്തുന്നു. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് സഞ്ജു സാംസണിന് വിക്കറ്റ് കീപ്പിങ്ങിനുള്ള ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. വിക്കറ്റ് കീപ്പിങ്ങിലും ഫീൽഡിങ്ങിനുമുള്ള ഫിറ്റ്നസ് തെളിയിക്കാനാവാതെ വന്നതോടെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇംപാക്ട് പ്ലേയറായാണ് സഞ്ജു ബാറ്റ് ചെയ്തത്. സഞ്ജു സാംസണിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആണ് രാജസ്ഥാനെ നയിച്ചത്.
എന്നാൽ ആദ്യ രണ്ട് കളിയിൽ രാജസ്ഥാൻ റോയൽസ് തോൽവിയിലേക്ക് വീണപ്പോൾ മൂന്നാമത്തെ മത്സരത്തിൽ ടീമിനെ ജയിപ്പിക്കാൻ റിയാൻ പരാഗിന് സാധിച്ചു. ഏപ്രിൽ അഞ്ചിന് ആണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ഇതിൽ പഞ്ചാബിന് എതിരെ സഞ്ജു സാംസൺ ടീമിന്റെ ക്യാപ്റ്റൻ ആവുകയും വിക്കറ്റ് കീപ്പറാവുകയും ചെയ്യും.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ പന്തിൽ സഞ്ജുവിന്റെ വിരലിന് പരുക്കേൽക്കുകയായിരുന്നു. പരുക്കേറ്റിട്ടും സഞ്ജു ബാറ്റിങ് തുടർന്നിരുന്നു. എന്നാൽ തുടർ പരിശോധനയിൽ പരുക്ക് സാരമുള്ളതാണെന്ന് വ്യക്തമായതോടെ മലയാളി താരത്തിന് ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നു. ആറ് ആഴ്ചയോളം സഞ്ജു കളിക്കളത്തിൽ നിന്ന് വിട്ടുനിന്നു.