കോടതിയിൽ കണ്ടിപ്പാ പാക്കലാം, എന്‍റെ ഹീറോ… സഖാവ് പിണറായി; അഴിമതി ആരോപണത്തിനിടെ മുഖ്യമന്ത്രി വാഴ്ത്തി ദിവ്യയുടെ കുറിപ്പ്

കണ്ണൂര്‍: കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉയർത്തിയ അഴിമതി ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം പങ്കുവച്ച് പുകഴ്ത്തിക്കൊണ്ട് കോടതയിൽ കാണാമെന്ന് പി പി ദിവ്യയുടെ വെല്ലുവിളി. ഞാൻ കണ്ടു വളർന്ന നേതാവ് എന്നുപറഞ്ഞുകൊണ്ടാണ് പിണറായിക്കൊപ്പമുള്ള ചിത്രം ദിവ്യ പങ്കുവച്ചത്. എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി എന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി. എന്റെ പാഠ പുസ്തകത്തിലെ ഹീറോ. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം…. അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല….. കോടതീൽ കണ്ടിപ്പാ പാക്കലാം… എന്നായിരുന്നു ദിവ്യ കുറിച്ചത്.

ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത്‌ കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്നതടക്കമുള്ള മുഹമ്മദ് ഷമ്മാസിന്‍റെ പുതിയ ആരോപണത്തിന് പിന്നാലെയാണ് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോസ്ഥനാണെങ്കിലും ഭൂമി രേഖയിൽ കൃഷിയാണ് വരുമാന മാർഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് ഷമ്മാസിന്‍റെ ആരോപണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 10.47 കോടിയുടെ കരാർ ഈ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചു. ഈ കരാറുകളെല്ലാം നൽകിയിരിക്കുന്നത് നേരിട്ടാണ് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന പ്രവൃത്തികളിൽ ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് അരുൺ കെ വിജയൻ ജില്ലാ കലക്ടറായിരുന്ന കാലയളവിലാണ്. കലക്ടറുടെ ഇടപെടലുകളിൽ സംശയമുണ്ട്. ദിവ്യയ്ക്ക് വേണ്ടി കലക്ടർ വഴിവിട്ട് സഹായം ചെയ്തോ എന്നും ദിവ്യയുടെ ബിനാമി ഇടപാടുകൾക്ക് കൂട്ടുനിന്നോ എന്നുള്ളതും അന്വേഷിക്കണം. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണം. ദിവ്യയ്ക്ക് എതിരെ വിജിലൻസിൽ പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കിയിരുന്നു.

Also Read

More Stories from this section

family-dental
witywide