
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്ന് തീരുമാനം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്കച്ചൻ വ്യാഴാഴ്ച വൈകിട്ട് 4:30ന് അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 15 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നാളെ രാവിലെ 11 മണിക്ക് മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും, ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിൽ സംസ്കാരം നടക്കും.
പിപി തങ്കച്ചന്റെ ആറു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം കോൺഗ്രസിന്റെ പ്രധാന നേതൃസ്ഥാനങ്ങളിൽ തിളങ്ങിയതായിരുന്നു. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, ആൻറണി മന്ത്രിസഭയിൽ കൃഷിമന്ത്രി, പെരുമ്പാവൂർ എംഎൽഎ (നാലു തവണ), എറണാകുളം ഡിസിസി പ്രസിഡന്റ്, പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചു. കോൺഗ്രസിന്റെ സുപ്രധാന തീരുമാനങ്ങളിൽ നിർണായക പങ്കുവഹിച്ച തങ്കച്ചൻ്റെ നിര്യാണം പാർട്ടിക്ക് വലിയ നഷ്ടമാണ്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എകെ ആൻറണി, എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി രാഷ്ട്രീയ കേരളത്തിലെ പ്രമുഖരെല്ലാം അനുശോചനം രേഖപ്പെടുത്തി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിക്കുന്നതോടെ, ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകൾക്കായി ഒരുക്കങ്ങൾ പൂർത്തിയാകും.