പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഇന്ന് തുടക്കം; 5000 പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി ഭുവനേശ്വര്‍

ഭുവനേശ്വര്‍: പ്രവാസി ഭാരതീയ ദിവസ് (PBD) കണ്‍വെന്‍ഷന്റെ 18-ാം പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍. വ്യാഴാഴ്ച ജനതാ മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അയ്യായിരത്തോളം പ്രവാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റിന്‍ കാര്‍ല കങ്കലൂ ഉദ്ഘാടന പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കും. ജനുവരി 10 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു മുഖ്യാതിഥിയാകും.

വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസിന് ആദ്യമായാണ് ഒഡീഷ ആതിഥേയത്വം വഹിക്കുന്നത്. ‘ഒരു വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

1915 ജനുവരി 9-ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മഹാത്മാഗാന്ധിയുടെ ഓര്‍മ്മനിലനിര്‍ത്തിയാണ് പരിപാടി നടത്തപ്പെടുന്നത്.

പരിപാടിക്ക് മുന്നോടിയായി പരമ്പരാഗതവും ആധുനികവുമായ കലകളാല്‍ നഗര ചുവരുകള്‍ അലങ്കരിക്കാന്‍ 100-ലധികം പ്രാദേശിക കലാകാരന്മാരെ നിയമിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഭുവനേശ്വറില്‍ എത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ‘മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും അദ്ദേഹത്തിന്റെ സംഘവും മികച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഭുവനേശ്വറില്‍ ഇത് വിജയകരവും മികച്ചതുമായ പ്രവാസി ഭാരതീയ ദിവസ് ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.