
മുംബൈ: തന്റെ വായ്പകള്‍ എഴുതിത്തള്ളിയെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കിയതായുമുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് കേരള ഘടകത്തിനെതിരെ ബോളീവുഡ് നടി പ്രീതി സിന്റ. വ്യാജ വാര്‍ത്തകള്‍ കണ്ട് നടി ഞെട്ടല്‍ പ്രകടിപ്പിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് തന്നെ വായ്പ പൂര്‍ണമായും തിരിച്ചടച്ചിരുന്നുവെന്ന് പ്രീതി സിന്റ വ്യക്തമാക്കി.
നടി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കി 18 കോടി എഴുതിത്തള്ളിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ കേരള ഘടകം പോസ്റ്റ് ചെയ്തത്. താന്‍ സ്വന്തമായാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് നടി പ്രതികരിച്ചത്. ”നിങ്ങളുടെ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിക്കുന്നു. ആരും എനിക്ക് വേണ്ടി ഒന്നും എഴുതിത്തള്ളിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോ അവരുടെ പ്രതിനിധിയോ എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ഗോസിപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി”- നടി എക്‌സില്‍ കുറിച്ചു.