
കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിൽ കൊച്ചി സി ബി ഐ കോടതിയിൽ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ വാദം തുടങ്ങി. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ കുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന് സി ബി ഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. സി ബി ഐ ഫയൽ ചെയ്ത ആറു കുറ്റപത്രങ്ങളിൽ അച്ഛനും അമ്മയും പ്രതികളാണ്. ഇവർക്ക് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പ്രതികളായ അച്ഛനെയും അമ്മയെയും സമൻസ് അയച്ച് വിളിച്ച് വരുത്തുന്നതിൽ കോടതി ഈ മാസം 25 ന് ഉത്തരവ് പറയും. മൂന്ന് കേസുകളിൽ കൂടി ഇരുവരെയും പ്രതിചേർക്കാൻ നടപടി തുടങ്ങിയെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സി ബി ഐ കണ്ടെത്തൽ.
ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തി അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് സി ബി ഐ കുറ്റപത്രം. കേസിൽ നേരത്തെ ഉണ്ടായ അഞ്ച് പ്രതികളിൽ രണ്ട് പേർ മരിച്ചിരുന്നു.












