വാഷിംങ്ടൺ: അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സേവനങ്ങൾ എല്ലാം നിർത്തിവെക്കുന്ന സവിശേഷ സാഹചര്യമായ അടച്ചുപൂട്ടലിലേക്ക് (ഷട്ട്ഡൗൺ ) അമേരിക്ക നീങ്ങുന്നു. സർക്കാർ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കവേയാണ് ട്രംപ് വ്യക്തമാക്കിയത്.
അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തന്റെ സർക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും . ഷട്ട്ഡൗൺ സംബന്ധിച്ച ചർച്ചകളിൽ ഡെമോക്രാറ്റുകൾ സാഹസികത കാട്ടുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, 1981 ന് ശേഷമുള്ള 15-ാം ഷട്ട്ഡൗണിലേക്കാണു യുഎസ് നീങ്ങുന്നത്. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചർച്ച വിജയംകണ്ടിരുന്നില്ല.
യുഎസ് കോൺഗ്രസിൽ ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാർഷിക ഫണ്ടിങ് ബില്ലുകൾ പാസാകാത്ത സാഹചര്യത്തിലാണ് ഷട്ട്ഡൗൺ നടപ്പാക്കുന്നത്. യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1ന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും. 2018-19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ നടപ്പാക്കിയിരുന്നു.














