മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വിബി–ജി റാം ജി ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി

ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) പകരം വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബി–ജി റാം ജി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഇതോടെ ബിൽ നിയമമായി മാറി. കനത്ത പ്രതിഷേധങ്ങൾക്കിടെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക്സഭയും രാജ്യസഭയും ബിൽ പാസാക്കിയത്. പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

പുതിയ നിയമപ്രകാരം ഗ്രാമീണ ഗൃഹങ്ങൾക്ക് വാർഷികം 125 ദിവസം തൊഴിലുറപ്പ് ലഭിക്കും. നിലവിലെ 100 ദിവസത്തിൽനിന്ന് വർധനവാണിത്. എന്നാൽ പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്യുന്നതും കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിൽ നിർത്തിവയ്ക്കാവുന്നതുമടക്കമുള്ള നിബന്ധനകൾ പദ്ധതിയുടെ വ്യാപ്തി ചുരുക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 22 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികളിൽ വലിയൊരു വിഭാഗം പുറത്താകാനും തൊഴിൽദിനങ്ങൾ കുറയാനും സാധ്യതയുണ്ട്.

പദ്ധതിച്ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടതും കേന്ദ്രഫണ്ട് ഉപാധികളോടെ മാത്രം ലഭിക്കുന്നതുമാണ് പുതിയ മാറ്റങ്ങൾ. വേതനം വൈകിയാൽ നഷ്ടപരിഹാരവും തൊഴിൽ ലഭിക്കാത്തപക്ഷം അലവൻസും സംസ്ഥാനങ്ങൾ തന്നെ വഹിക്കണം. കേരളത്തിന് നിലവിൽ വാർഷികം 4000 കോടി രൂപയോളം ലഭിക്കുന്ന തൊഴിലുറപ്പ് ഫണ്ടിൽ 1600 കോടി ഇനി സംസ്ഥാനം തന്നെ മുടക്കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത് കനത്ത വെല്ലുവിളിയാകും.

പ്രതിപക്ഷം ആരോപിക്കുന്നത് പുതിയ നിയമം തൊഴിലുറപ്പിനെ അവകാശാധിഷ്ഠിതമായി നിന്ന് മിഷൻ മോഡിലേക്ക് മാറ്റുന്നുവെന്നാണ്. മഹാത്മാഗാന്ധിയുടെ പേര് മാറ്റി റാം ജി എന്നാക്കിയതും ഗാന്ധിയൻ പൈതൃകത്തിനെതിരായ നീക്കമാണെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. കേന്ദ്രീകൃതാധികാരം വർധിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ സ്വാശ്രയത്വം ഇല്ലാതാക്കുന്നുവെന്നും ആരോപണമുണ്ട്.

എന്നാൽ സർക്കാർ വാദിക്കുന്നത് പുതിയ നിയമം വികസിത് ഭാരത് 2047 ലക്ഷ്യവുമായി യോജിച്ച് ഗ്രാമീണ വികസനത്തിന് ഊന്നൽ നൽകുന്നതാണെന്നാണ്. ജലസുരക്ഷ, അടിസ്ഥാന ഗ്രാമീണ ഇൻഫ്രാസ്ട്രക്ചർ, ഉപജീവന ആസ്തികൾ, കാലാവസ്ഥാ പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്ക് മുൻഗണന നൽകുമെന്നും അധികൃതർ അവകാശപ്പെടുന്നു.

More Stories from this section

family-dental
witywide