
ഗാസയിൽ നീണ്ടുനിന്ന യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാർ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി ഹമാസും ഇസ്രയേലും സമാധാന കരാറിൽ ഒപ്പുവച്ചു. ഇതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ തന്നെ ഈജിപ്തിൽ എത്തിയിരുന്നു. കനെസ്സറ്റിൽ യുദ്ധത്തിന്റെ അവസാനവും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം പിന്മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹമാസിന്റെ തടവിൽ ജീവനോടെ ഉണ്ടായിരുന്ന എല്ലാ ബന്ദികളും മോചിതരായി, അവസാന 20 പേർ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടു. ഇതിനോടൊപ്പം, ഇസ്രയേൽ 1700-ലധികം പലസ്തീനി തടവുകാരെ മോചിപ്പിച്ചതിന്റെ കൈമാറ്റം തുടരുകയാണ്.
ഗാസയിലെ ജനത തങ്ങളുടെ നശിച്ച മണ്ണിലേക്ക് മടങ്ങിയെത്തുകയാണ്. ബോംബുകളും ബുൾഡോസറുകളും നാശം വിതച്ച ഗാസയിൽ, തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് 135 മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തു. താമസിക്കാൻ ടെന്റുകൾ പോലുമില്ലാത്ത അവസ്ഥയിലാണ് തിരിച്ചെത്തിയവർ. 11,200-ലധികം പേർ ഇപ്പോഴും കാണാതായവരാണ്, അവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തുനിന്നവരിൽ 2600-ലധികം പേർ കൊല്ലപ്പെട്ടു, ഇതിൽ 2000-ത്തോളം മരണങ്ങൾ ഈ കേന്ദ്രത്തിനടുത്താണ് സംഭവിച്ചത്.
സമാധാന ചർച്ചകൾക്കായി അമേരിക്കയും ഈജിപ്തും സംഘടിപ്പിച്ച ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദെൽ ഫത്ത അൽസിസിയും ക്ഷണം നൽകിയിരുന്നെങ്കിലും, പാകിസ്ഥാനും ക്ഷണിക്കപ്പെട്ടതിനാൽ മോദി പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി സൂചന. എന്നാൽ, ട്രംപിനെയും നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് ഗാസയിലെ സമാധാന നീക്കത്തിന് ഇന്ത്യയുടെ ഐക്യദാർഢ്യം മോദി അറിയിച്ചു.