
മഞ്ഞുമ്മൽ (കൊച്ചി): ‘‘കൈകളും കാലും കെട്ടിയിട്ട് വായിൽ തുണി കുത്തിത്തിരുകി അക്രമികൾ ക്രൂരമായി മർദിച്ചു. ദേഹമാസകലം വേദനയാണ്…’’ ഫാ. ലീനസ് പുത്തൻവീട്ടിലും (90) ഫാ. സിൽവിൻ കളത്തിലും (43) പറഞ്ഞു. ഒഡിഷയിലെ സാംബൽപുർ കുച്ചിൻഡ ചർവാച്ചിയിൽ കാർമൽ നികേതൻ ആശ്രമത്തിൽ ആക്രമണത്തിൽ പരുക്കേറ്റ വൈദികർ മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനമേറ്റ് ഫാ. സിൽവിൻ്റെ പുറം ചതഞ്ഞിരിക്കുന്നതിനാൽ അതീവ വേദനയിലാണ് അദ്ദേഹം
‘മേയ് 23-ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേർ പുറത്തു നിൽക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികൾ കൊണ്ടുപോയി’’ – അവർ പറഞ്ഞു. ആശ്രമത്തിലെ നായ്ക്കൾ കുരയ്ക്കുന്നതു കേട്ടാണ് വാതിൽ തുറന്ന് പുറത്തിറങ്ങിയതെന്ന് ഫാ. സിൽവിൻ പറഞ്ഞു.
അക്രമികൾ മുഖത്ത് അടിച്ചുവീഴ്ത്തി. പിന്നീട് കമഴ്ത്തിക്കിടത്തി ഒരാൾ കാലുകളിലും മറ്റൊരാൾ ചുമലിലും അമർത്തിപ്പിടിച്ച് പുറകുവശത്ത് മരത്തടി കൊണ്ട് അടിക്കുകയായിരുന്നു എന്ന് ഫാ. സിൽവിൻ പറഞ്ഞു. “വലിച്ച് മുറിയിൽ കൊണ്ടുവന്ന് പണം ചോദിച്ചായി മർദനം. വായിൽ തുണി തിരുകി പിന്നെയും മർദിച്ചു. ലാപ്ടോപ്പ് ഉണ്ടായിരുന്നെങ്കിലും എടുത്തില്ല. ടിവിയും നശിപ്പിച്ചു”. ഇരുവരുടെയും മുറികളിൽകൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയാണ് സംഘം മടങ്ങിയത്. ഫാ. സിൽവിൻ മുട്ടുകുത്തി നിന്ന് കട്ടിലിലെ ക്ലാംബിൽ ഉരച്ചാണ് കൈയിലെ കെട്ടഴിച്ചത്. പിന്നീട് ഒച്ചവെച്ചപ്പോൾ സമീപത്തു താമസിക്കുന്ന പൂജാരി വന്ന് മുറി തുറന്നു. തുടർന്ന് പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
Priests Fr. Leenas and Fr. Silvin injured in attack in Odisha admitted to hospital in Kochi









