
ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിനു പിന്നാലെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി.
ജമ്മു കശ്മീരിലെ പഹല്‍ഗാമിനടുത്തുള്ള ബൈസരന്‍ താഴ്വരയില് 26 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം പെട്ടെന്ന് വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയോടെ മടങ്ങിയെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
മുന്‍നിശ്ചയിച്ച പ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, ഭീകരാക്രമണ വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകള്‍ നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലേക്ക് അയയ്ക്കുകയും സ്ഥിതിഗതികളുടെ വിലയിരുത്തല്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ സേനകള്‍ ഭീരര്ക്കായുള്ള തിരച്ചിലും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.