
ഇന്ത്യൻ നിർമിത ബാറ്ററി ഇലക്ട്രിക് വാഹനം ഇ-വിത്താര നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഹൻസൽപുരിൽ നിർമിച്ച മാരുതി സുസുകി ഇ വിത്താര എസ്യുവി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ ഇ-വിത്താര യുടെ ആദ്യ വാഹനം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമിക്കുന്നതിനുള്ള പ്ലാൻ്റിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.
നമ്മുടെ ബാറ്ററി ഇക്കോസിസ്റ്റത്തിൻ്റെയും വൻ മുന്നേറ്റമാണിതെന്നും ഗുജറാത്തിലെ പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ ഉത്പാദനവും ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. തോഷിബ, ഡെൻസോ, സുസുക്കി എന്നിവരുടെ സംയുക്ത സംരംഭമായ ഗുജറാത്തിലെ ലിഥിയം-അയോൺ ബാറ്ററി പ്ലാന്റ്, ശുദ്ധമായ ഊർജ ഉപഭോഗവും ഉൽപ്പാദനവും വർധിപ്പിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കും. ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കെയ്ച്ചി ഒനോ തുടങ്ങിയവർ സന്നിഹിതരായി.