കലങ്ങിമറിഞ്ഞ് നേപ്പാൾ; ജയിലുകളിലും കലാപം, 1500-ലേറെ തടവുകാർ രക്ഷപ്പെട്ടു, വ്യാപാരസ്ഥാപനങ്ങളും ബാങ്കും കൊള്ളയടിച്ച് ആളുകൾ

കാഠ്‌മണ്ഡു: ജെൻ സീ വിപ്ലവത്തിനിടെ നേപ്പാളിൽ ജയിലിലും കലാപവും കൂട്ട ജയിൽചാട്ടവും. ലളിത്പുരിലെ നാഖു ജയിലിലേക്ക് കഴിഞ്ഞദിവസം നൂറുക്കണക്കിന് പ്രക്ഷോഭകാരികൾ കയറുകയും ജയിലിനുള്ളിലും അക്രമം അഴിച്ചുവിടുകയും ചെയ്തു. പിന്നാലെ പ്രക്ഷോഭകാരികൾ സെല്ലുകൾ തകർത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാർ അവസരം മുതലെടുത്ത് സ്വയം സെല്ലുകൾ തകർത്ത് പുറത്തിറങ്ങുകയും ചെയ്തു.

ജയിലിലെ കലാപത്തിൽ 1500-ലേറെ തടവുകാർ ജയിൽചാടിയെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് പോലീസും ജയിൽ അധികൃതരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി പ്രസിഡൻ്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലിൽനിന്ന് രക്ഷപ്പെട്ടു. ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചു.

2012-ലെ ഒരു ബോംബ് സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന മുൻ മന്ത്രി സഞ്ജയ് കുമാർ സാഹ് കഴിഞ്ഞ 13 വർഷമായി തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. അഞ്ചുപേർ കൊല്ലപ്പെട്ട സ്ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ സഞ്ജയ് കുമാർ ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇതിനുപുറമേ റേഡിയോ ടുഡേയുടെ ഉടമയായ അരുൺ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

അതേസമയം, താൻ നിരപരാധിയാണെന്നായിരുന്നു ജയിൽചാടിയ ശേഷം സഞ്ജയ് കുമാറിൻ്റെ അവകാശവാദം. ജെൻ സീ പ്രക്ഷോഭത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു‌. നേപ്പാളിലെ പ്രമുഖ രാഷ്ട്രീയനേതാവായ റാബി ലാമിച്ഛാനെയാണ് കഴിഞ്ഞദിവസം ജയിലിൽനിന്ന് പുറത്തിറങ്ങിയ മറ്റൊരാൾ. സഹകരണ ഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റിലായാണ് റാബി ജയിലിലായത്.

അതിനിടെ, കലാപത്തിനിടയിൽ പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കും കൊള്ളയടിച്ചെന്നാണ് വിവരം. രാഷ്ട്രീയബഞ്ജിയ ബാങ്കിൻ്റെ ബനേശ്വർ ബ്രാഞ്ച് അക്രമികൾ കൊള്ളയടിച്ചെന്നും കവർച്ച നടത്തിയതിന് 26 പേരെ സൈന്യം അറസ്റ്റ് ചെയ്ത‌തായും റിപ്പോർട്ടുകളുണ്ട്.

More Stories from this section

family-dental
witywide