ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ: ജാനകി ഇനി ജാനകി വി.

കൊച്ചി: ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിലെ ജാനകിയുെട പേര് ഇനി മുതൽ ‘ജാനകി. വി’ എന്നു മാറും. സെൻസർ ബോർഡ് നിർദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ നിർമാതാക്കൾ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു.

നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞിരുന്നു.

ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു.

ജാനകി എന്ന പേര് ടൈറ്റിലില്‍ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

സിനിമയുടെ റിലീസ് വൈകുന്നത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. ഒടിടിയുമായും നിര്‍മ്മാതാക്കള്‍ക്ക് കരാറുണ്ട്. ആ കരാറും ലംഘിക്കപ്പെടുന്നതിന്റെ വക്കിലാണുള്ളത്. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിര്‍മ്മാതാക്കളും സംവിധായകനുമെല്ലാം ചേര്‍ന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. കേസുമായി മുന്നോട്ട് പോയാല്‍ നൂറ് ശതമാനം വിജയിക്കുമെന്ന് അറിയാം. പക്ഷേ ഇവിടെ വിജയിച്ചാലും അപ്പീല്‍ പോകാന്‍ കഴിയും. അതുവഴി സിനിമയുടെ റിലീസ് വീണ്ടും വൈകുകയാണ് ചെയ്യുകയെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

എഡിറ്റ് ചെയ്ത 24 മണിക്കൂറിനകം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. പുതിയ പതിപ്പ് ലഭിച്ച്‌ മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമര്‍പ്പിച്ചാല്‍ ചൊവ്വാഴ്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കില്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

Producers say they may change the name of the film JSK Janaki will now be Janaki V.

More Stories from this section

family-dental
witywide