
കേരളവും കേരളത്തിൻ്റെ നയന സമ്പന്നമായ കാഴ്ചകളും ഏവരുടെയും മനം കവരുന്നതാണ്. അത്തരത്തിൽ പ്രകൃതി തുന്നിയെടുത്ത മനോഹരമായ ഗ്രാമമായ കൊച്ചി നഗരത്തിലെ കടമക്കുടി കാണാൻ കൊതിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായിയും മഹിന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയും. വില്ലേജ് ടൂറിസ്റ്റ് കേന്ദ്രമായ കടമക്കുടി കാണാൻ ഈ വർഷം ഡിസംബറിൽ എത്തുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയിൽ കടമക്കുടിയും മനസ്സിലുണ്ട്” എന്നാണ് ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം എക്‌സിൽ കുറിച്ചത്. ഇതിനോട് പ്രതികരിച്ച് ആനന്ദ് മഹീന്ദ്രയ്ക്ക് ആതിഥ്യമേകാൻ കേരളത്തിന് സന്തോഷമെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും എക്സ്‌സിൽ മറുപടി കുറിച്ചു.
കൊച്ചി നഗരത്തിൽനിന്ന് ഏകദേശം പത്ത് കിലോമീറ്റർ ദൂരമുള്ള കടമക്കുടി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കൊച്ചിക്കാരുടെ കുട്ടനാട് എന്നൊക്കെ വിശേഷിപ്പിക്കാറുള്ള കടമക്കുടിയിൽ നീലാകാശത്തിന് കീഴിൽ തെളിഞ്ഞ ജലാശയവും തെങ്ങിൻ തലപ്പുകളും പച്ചപ്പുകളും നിറഞ്ഞു നിൽക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുക. നഗരകാഴ്ചകളിൽ നിന്ന് ഏറെ വിത്യാസമായ ഇവിടം ഏവരുടെയും മനം മയക്കുന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.ഒരാൾ മാത്രം താമസിക്കുന്ന മുറിക്കൽ ദ്വീപ് ഉൾപ്പെടെ വലിയ കടമക്കുടി, പാലിയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം തുടങ്ങി ഒട്ടേറെ തുരുത്തുകൾ പരന്നു കിടക്കുന്ന ഇടമാണ് കടമക്കുടി. ചീനവലകൾ , വിശാലമായ പൊക്കാളി പാടശേഖരങ്ങൾ, കണ്ടൽക്കാടുകൾ, തൈത്തെങ്ങുകൾ, ദേശാടനപക്ഷികൾ, തോടുകൾ, ചെമ്മീൻകെട്ടുകൾ, തുരുത്തുകൾക്കിടെ ജങ്കാർ സർവീസുകൾ, തുടങ്ങിയ ഒട്ടേറെ കാഴ്ചകളുണ്ട് ഇവിടെ.

നവംബർ ആരംഭിക്കുന്നതോടെ ദേശാടന കിളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കിളികളും ഇവിടെയെത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികളും പൊക്കാളി നെൽ കർഷകരുമൊക്കെയുള്ള ഇവിടെ കായൽവിഭവങ്ങളും യാഥേഷ്ടം ലഭ്യമാകും. സമൂഹമാധ്യമങ്ങളിൽ നിറയുന്ന റീലുകളിലെ കടമക്കുടിയിൽ കായലിലെ ബോട്ട് സവാരിയും പ്രധാന ആകർഷമാണ്. നെടുമ്പോശ്ശേരി വിമാനത്താവളത്തിൽനിന്ന് 31 കിലോമീറ്ററും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 14 കിലോ മീറ്ററുമാണ് കടമക്കുടിയിലേക്കുള്ള ദൂരം. എറണാകുളം കൺടെയ്നർ റോഡിലൂടെയും വരാപ്പുഴ റോഡിലൂടെയുമെല്ലാം കടമക്കുടിയിലേക്ക് എത്താം.