
ഷിക്കാഗോ : യുഎസിലുടനീളം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ ദിനമായി മെയ് ദിനം മാറി. ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്ന തീരുവകള്‍ മുതല്‍ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ അടിച്ചമര്‍ത്തലുകള്‍ വരെയുള്ള അജണ്ടയ്ക്കെതിരായ രോഷത്തില്‍ യുഎസിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ വ്യാഴാഴ്ച മെയ് ദിന പ്രതിഷേധങ്ങളില്‍ അണിനിരന്നു.
യുഎസില്‍, ഈ വര്‍ഷത്തെ അന്താരാഷ്ട്ര തൊഴിലാളി ദിന പ്രതിഷേധങ്ങളില്‍ തൊഴില്‍ സംരക്ഷണം, ഫെഡറല്‍ ജീവനക്കാരുടെ തൊഴില്‍ എന്നിവയ്ക്കെതിരായ ഭരണകൂടത്തിന്റെ വ്യാപകമായ സമീപനങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. ന്യൂയോര്‍ക്ക് മുതല്‍ ഫിലാഡല്‍ഫിയ വരെയും ലോസ് ഏഞ്ചല്‍സ് വരെയും നിരവധി നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവുകളില്‍ അണിനിരന്നു. വാഷിംഗ്ടണിലാകട്ടെ വൈറ്റ് ഹൗസിന് പുറത്ത് വലിയ പ്രതിഷേധ റാലിയാണ് ഉയര്‍ന്നത്. ട്രംപിനെ കേന്ദ്രീകരിച്ചുള്ള യുഎസ് മെയ് ദിന പ്രതിഷേധങ്ങള്‍ വന്‍ ജനപങ്കാളിത്തംകൊണ്ട് ലോക ശ്രദ്ധ നേടുകയും ചെയ്തു.
ചിക്കാഗോയില്‍, വെസ്റ്റ് സൈഡ് പാര്‍ക്കില്‍ ആയിരക്കണക്കിന് ആളുകള്‍ റാലി നടത്തി. ഡ്രംസ് വായിച്ച് നൃത്തം ചെയ്തും, ‘നീതിയില്ല, സമാധാനമില്ല!’ എന്ന് പ്രതിഷേധ വാക്കുകള്‍ ഉയര്‍ത്തി ഭരണകൂടത്തിനെതിരെ പ്രതിഷേധക്കാര്‍ ആഞ്ഞടിച്ചു. യൂണിയന്‍ തൊഴിലാളികള്‍, കുടിയേറ്റ അവകാശ വക്താക്കള്‍, പലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ലോസ് ഏഞ്ചല്‍സ് നഗരമധ്യത്തില്‍, ആയിരക്കണക്കിന് പ്രകടനക്കാര്‍ ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ‘കുടിയേറ്റക്കാര്‍ അമേരിക്കയെ മഹത്തരമാക്കുന്നു’, ‘കുടിയേറ്റം മനോഹരമാണ്’, ‘നിശബ്ദത പാലിക്കേണ്ട സമയമല്ല’ എന്നീ ബാനറുകള്‍ ഉയര്‍ത്തി അവര്‍ മാര്‍ച്ച് നടത്തി. തൊഴിലാളി യൂണിയനുകളും കമ്മ്യൂണിറ്റി അധിഷ്ഠിത ഗ്രൂപ്പുകളും ചേര്‍ന്ന ലോസ് ഏഞ്ചല്‍സ് മെയ് ദിന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.