ഗാസ വിഷയത്തില്‍ പ്രതിഷേധം, പ്രതിനിധികള്‍ ഇറങ്ങിപ്പോയി ; യുഎന്നില്‍ ആളില്ലാ കസേരകളോട് നെതന്യാഹുവിന്റെ പ്രസംഗം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കവെ പ്രതിഷേധസൂചകമായി ലോക രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയില്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോയത്.

പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിനിധികള്‍ ഹാള്‍ വിട്ടുപോകുകയായിരുന്നു. നെതന്യാഹു വേദിയിലേക്ക് വരുമ്പോള്‍ പല ഡെലിഗേറ്റുകളും ഹാള്‍ വിട്ടുപോയതിനാല്‍ സദസ്സില്‍ ആളുകള്‍ കുറവായിരുന്നു. കസേരകള്‍ ഒഴിഞ്ഞ നിലയിലായിരുന്നു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനത്തെ നെതന്യാഹു ‘അപമാനകരമായ തീരുമാനം’ എന്നാണ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. പ്രതിനിധികളുടെ പ്രതിഷേധം വകവെക്കാതെയുള്ള പ്രസംഗമായിരുന്നു നെതന്യാഹുവിന്റേത്.

ഗാസയില്‍ ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തെ ന്യായീകരിച്ച നെതന്യാഹു, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പാശ്ചാത്യ സഖ്യകക്ഷികളെ അപലപിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ യുഎന്‍ സഭയ്ക്ക് പുറത്ത് പ്രകടനം നടത്തുന്നുണ്ടായിരുന്നു. ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു പ്രതിഷേധം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന വ്യക്തിയാണ് നെതന്യാഹു. ഇതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി മറ്റ് പാശ്ചാത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തിന് നയതന്ത്രപരമായ അംഗീകാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു ലോക നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. ഈ രാജ്യങ്ങൾ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“നിങ്ങളുടെ ഈ നാണക്കേടുണ്ടാക്കുന്ന തീരുമാനം ജൂതന്മാർക്കും ലോകമെമ്പാടുമുള്ള നിരപരാധികളായ ആളുകൾക്കെതിരെ ഭീകരതയെ പ്രോത്സാഹിപ്പിക്കും. ഇത് നിങ്ങൾക്കെല്ലാവർക്കും ഒരു കളങ്കമായി മാറും,” അദ്ദേഹം പറഞ്ഞു. “ശബ്ബത്ത് കൂട്ടക്കൊല നടത്തിയവരെയും അതിനെ പിന്തുണച്ചവരെയും നിങ്ങൾ സമ്മാനം നൽകി ആദരിക്കുകയാണ് ചെയ്യുന്നത്. ഒക്ടോബർ 7-ന് ശേഷം ജെറുസലേമിൽ നിന്ന് ഒരു മൈൽ അകലെ പലസ്തീനികൾക്ക് ഒരു രാജ്യം നൽകുന്നത്, സെപ്റ്റംബർ 11-ന് ശേഷം ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഒരു മൈൽ അകലെ അൽ ഖ്വയ്ദക്ക് ഒരു രാജ്യം നൽകുന്നതിന് തുല്യമാണ്.”

“ഒരു ഭീകര രാഷ്ട്രത്തെ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇസ്രയേൽ നിങ്ങളെ അനുവദിക്കില്ല. ഇസ്രായേലിന്‍റെ രക്തം ആവശ്യപ്പെടുന്ന ശത്രുതാപരമായ മാധ്യമങ്ങളെയും ജൂതവിരുദ്ധരെയും നേരിടാൻ നിങ്ങൾക്ക് ധൈര്യമില്ലാത്തതിനാൽ ഞങ്ങൾ ദേശീയ ആത്മഹത്യ ചെയ്യില്ല,” അദ്ദേഹം പറഞ്ഞു. ഒരു പലസ്തീൻ രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ഇസ്രയേലി പാർലമെന്റിലെ 120 നിയമസഭാംഗങ്ങളിൽ 99 പേർ വോട്ട് ചെയ്തതിനെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

More Stories from this section

family-dental
witywide