
ലഖ്നൗ: നേപ്പാളില്‍ അശാന്തി തുടരുന്നതിനിടയില്‍, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു കൂട്ടം തീര്‍ത്ഥാടകരുടെ ബസ് ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ അക്രമികള്‍ ബസ് ആക്രമിച്ച് ഇന്ത്യക്കാരുടെ സാധനങ്ങള്‍ കൊള്ളയടിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ യുപി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള ബസാണ് ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ബസിന് നേരെ കല്ലെറിഞ്ഞ് ജനാലകള്‍ തകര്‍ക്കുകയും യാത്രക്കാരുടെ ബാഗുകളും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നെടുക്കുകയും ചെയ്തിട്ടുണ്ട്. എട്ടോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു പിന്നാലെ പക്ഷേ നേപ്പാളിലെ സൈനികര്‍ സഹായത്തിനെത്തിയതായും യാത്രക്കാര്‍ പറയുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കുടുങ്ങിയ എല്ലാ യാത്രക്കാരെയും കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സംവിധാനമൊരുക്കുകയായിരുന്നു.