
ന്യൂഡല്‍ഹി : ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയെ കൊലപ്പെടുത്താന്‍ ശ്രമം. ഡീസല്‍ സബ്‌സിഡി അവസാനിപ്പിച്ച നൊബോവയ്ക്ക് എതിരെ നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. നൊബോവയുടെ കാര്‍ വളഞ്ഞ ശേഷം പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിഷേധക്കാര്‍ക്ക് എതിരെ തീവ്രവാദ കുറ്റത്തിനും വധശ്രമത്തിനും കേസെടുക്കും.
നൊബോവയ്ക്കെതിരായ വധശ്രമത്തിന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി സമര്‍പ്പിച്ചെന്ന് പരിസ്ഥിതി ഊര്‍ജ മന്ത്രി ഇനെസ് മന്‍സാനോ പറഞ്ഞു. ”പ്രസിഡന്റിന്റെ കാറിനു നേരെ വെടിയുതിര്‍ക്കുക, കല്ലെറിയുക, രാജ്യത്തിന്റെ പൊതുസ്വത്തിനു കേടുപാടുകള്‍ വരുത്തുക. ഇത് കുറ്റമാണ്. ഞങ്ങള്‍ ഇത് അനുവദിക്കില്ല” ഇനെസ് മന്‍സാനോ പറഞ്ഞു.
അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നതായി ആരോപണമുണ്ട്. ക്രൂരമായ പൊലീസ്, സൈനിക നടപടിയുണ്ടായതായും പ്രായമായ സ്ത്രീകള്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.