ലോസാഞ്ചലസില്‍ കുടിയേറ്റ പരിശോധനയ്‌ക്കെതിരേ പ്രതിഷേധം: രണ്ടായിരം നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചു

ലോസ് ഏഞ്ചല്‍സ് : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ഏഞ്ചല്‍സില്‍ നടത്തുന്ന വ്യാപക പരിശോധനയ്ക്കെതിരേ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടായിരം നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചു. സൈനികര്‍ 60 ദിവസത്തേക്ക് തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ലോസ് ഏഞ്ചല്‍സിലുടനീളം യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) വന്‍തോതിലുള്ള പരിശോധനകള്‍ നടത്തി നിരവധി അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വെള്ളിയാഴ്ചമാത്രം 44 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച കൂടുതല്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, പ്രതിഷേധങ്ങള്‍ രാഷ്ട്രീയമായും ഏറ്റെടുക്കപ്പെടുന്നുണ്ട്. വലിയ കുടിയേറ്റ ജനസംഖ്യയുള്ള ഒരു ഡെമോക്രാറ്റിക് ശക്തികേന്ദ്രമാണ് ലോസ് ഏഞ്ചല്‍സ്. ഇവിടുത്തെ താമസക്കാരില്‍ ഒരു പ്രധാന ഭാഗം വിദേശികളാണ്.

ലോസ് ഏഞ്ചല്‍സ് നഗരവ്യാപകമായ പ്രതിഷേധങ്ങളുടെ രണ്ടാം ദിവസത്തിന് ശേഷമാണ് നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാനുള്ള ട്രംപിന്റെ ഉത്തരവ് എത്തിയത്. ‘ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍’ തീരുമാനമെടുത്തതായി വൈറ്റ് ഹൗസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ട്രംപിന്റെ നടപടി മനപൂര്‍വ്വം പ്രകോപനപരമാക്കുന്ന’താണെന്ന് വിമര്‍ശിച്ചു. ഒരിക്കലും അക്രമം ഉപയോഗിക്കരുതെന്നും സമാധാനപരമായി സംസാരിക്കുകയെന്നും എക്സില്‍ അദ്ദേഹം എഴുതി. ലോസ് ഏഞ്ചല്‍സ് മേയര്‍ കരണ്‍ ബാസും കുടിയേറ്റ പരിശോധനകളെ അപലപിച്ചു. അവയെ ‘ഭീകരത വിതയ്ക്കുന്ന തന്ത്രങ്ങള്‍’ എന്നാണ് അദ്ദേഹം വിളിച്ചു.

എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട ട്രംപ് ‘ന്യൂസോമിനും ലോസ് ഏഞ്ചല്‍സ് മേയര്‍ കരണ്‍ ബാസിനും അവരുടെ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കും എന്നാണ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞത്. പിന്നാലെയാണ് സൈനിക വിന്യാസം.

എന്നാല്‍, കുടിയേറ്റ നടപടികള്‍ നിയമപരമായ താമസക്കാരെയും ബാധിച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. സ്ഥിര താമസ പദവിയുള്ള ചില ആളുകള്‍ പരിശോധനകളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.

More Stories from this section

family-dental
witywide