രാധയുടെ മരണത്തിൽ കത്തുന്ന പ്രതിഷേധം, തണുപ്പിക്കാൻ 5 ലക്ഷം അടിയന്തര സഹായം കൈമാറി; 27 വരെ നിരോധനാജ്ഞ, നാളെ യുഡിഎഫ് ഹർത്താൽ

മാനന്തവാടി: മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് സ്ഥലത്ത് ഉയർന്നിട്ടുള്ളത്. സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍. കേളുവും പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞു. കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്നാലെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടവും വനംമന്ത്രിയും ഉത്തരവിറക്കി. പ്രതിഷേധം തണുപ്പിക്കാനായി കടുവയുടെ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി അഞ്ചു ലക്ഷം രൂപ കൈമാറി. മന്ത്രി ഓ ആർ കേളുവാണ് പണം കൈമാറിയത്. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു അറിയിച്ചു. മന്ത്രി ഉറപ്പ് നല്‍കിയതിന് ശേഷമാണ് രാധയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ പ്രതിഷേധക്കാർ സമ്മതിച്ചത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചു

മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ഭാരതീയ ന്യായ സംഹിത 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെനടപടിയെടുക്കും.

യുഡിഎഫ് ഹർത്താൽ

മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നാളെ യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു. അതേസമയം തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുന്നതിനിടെയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും.