സ്കൂളിൽ ഷോക്കേറ്റ് മിഥുൻ മരിച്ചതിൽ പ്രതിഷേധം കത്തുന്നു, അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി, കടുത്ത നടപടി ഉറപ്പെന്ന് ശിവൻകുട്ടി; പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് കെഎസ്‍യു

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവ‍ർ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. വിദ്യാർഥി സംഘടനകളാകട്ടെ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. നാളെ സംസ്ഥാനത്ത് കെ എസ് യു പഠിപ്പുമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എ ബി വി പി കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ മിഥുന്‍റെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തി. മിഥുൻ്റെ ജീവൻ നഷ്ടപ്പെട്ട സംഭവം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മിഥുൻ്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നൽകും. മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും. സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുകയെന്നും ശിവൻകുട്ടി വിവരിച്ചു.

ഇന്ന് രാവിലെയാണ് സ്‌കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനടെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇതെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷമാണ് കുട്ടി അവിടേക്ക് ഇറങ്ങിയത്. എന്നാല്‍ ഷീറ്റിന് മുകള്‍ ഭാഗത്തൂടെ പോവുന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റതാണ് അപകടമായത്.

More Stories from this section

family-dental
witywide