താലൂക്ക് ആശുപത്രിയിൽ ഡോക്ടര്‍ക്ക് വെട്ടേറ്റതിൽ പ്രതിഷേധം ശക്തം, കർശന നടപടി ഉറപ്പ് പറഞ്ഞ് മന്ത്രി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കൽപ്പറ്റ: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം ശക്തം. സർക്കാരിനെയും ആരോഗ്യവകുപ്പിനെയും വിമർശിച്ച് ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. സിസ്റ്റം തകർന്നെന്ന് അഭിപ്രായപ്പെട്ട ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ശക്തമായ പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവം. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും കെജിഎംഒഎ അഭിപ്രായപ്പെട്ടു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. ബാക്കി ജോലികളിൽ നിന്ന് വിട്ട് നിൽക്കു. മറ്റ് ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ജോലി മുടക്കില്ലെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം എന്നും എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നും ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ വിമുക്തഭടന്മാരെ നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

അതേസമയം ഡോക്ടർക്കെതിരായ ആക്രമണത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെ ഡോക്ടർക്കെതിരെ ആക്രമണം നടത്തിയ സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തതായും അധികൃതർ അറിയിച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലക്കാണ് ഇന്ന് ഉച്ചയോടെയ വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവായ സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറുടെ തലയോട്ടിക്കാണ് വെട്ടേറ്റത്. ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും തലയിൽ മൈനർ സർജറി വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide