നേപ്പാളിലെ പ്രതിഷേധം : അതിര്‍ത്തിയില്‍ അതീവ ജാഗ്രത പാലിച്ച് ഇന്ത്യ, ഇന്ത്യന്‍ പൗരന്മാര്‍ക്കായി കണ്‍ട്രോള്‍ റൂം

ന്യൂഡല്‍ഹി: സമൂഹമാധ്യമ നിരോധനത്തിന് എതിരെ അയല്‍രാജ്യമായ നേപ്പാളില്‍ ജെന്‍ സി പ്രതിഷേധങ്ങള്‍ ശക്തമായതോടെ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പാലിച്ച് ഇന്ത്യ. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഏഴു ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവച്ചതോടെ സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്നാണ് ഈ നീക്കം.

നിലവില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും ബല്‍റാംപുര്‍, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുര്‍ ഖേരി, സിദ്ധാര്‍ഥ് നഗര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണം, പട്രോളിങ് അധിക പൊലീസ് വിന്യസം എന്നിവയിലേക്ക് കടന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക കണ്‍ട്രോള്‍ റൂം

നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി ലക്‌നൗവിലെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണ് ( 05222390257, 05222724010, 9454401674 , വാട്‌സാപ് നമ്പര്‍ -9454401674 ).

More Stories from this section

family-dental
witywide