ഭാരതാംബ ചിത്ര വിവാദത്തിലെ രജിസ്ട്രാറുടെ സസ്പെൻഷനിൽ പ്രതിഷേധം കനക്കുന്നു, രാത്രി രാജ്ഭവനിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദം മുറുക്കി കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇടത് സംഘടനകൾ രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മലിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും പിന്നീട് ഡിവൈഎഫ്ഐയും രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ചുകളിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സ്ഥാപിച്ച ജലപീരങ്കി പ്രവർത്തകർ മറികടന്നെങ്കിലും പിന്നീട് പിൻവാങ്ങി.

ഇന്ന് വൈകിട്ടോടെയാണ് വിസി മോഹൻ കുന്നുമ്മൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. വിദേശത്തേക്ക് പോകുന്നതിന് തൊട്ടുമുൻപ് രജിസ്ട്രാർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത മോഹൻ കുന്നുമ്മൽ വിസിയുടെ താത്കാലിക ചുമതല സിസ തോമസിന് കൈമാറി. ഇത് സംബന്ധിച്ച അറിയിപ്പും പുറത്തുവിട്ടു. സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റദ്ദാക്കി ഗവർണ്ണറോട് അനാദരവ് കാണിച്ചെന്ന് വിമർശിച്ചാണ് റജിസ്ട്രാർക്കെതിരായ അസാധാരണ നടപടി.

ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ കെഎസ് അനിൽകുമാർ വ്യക്തമാക്കി. വിസി മോഹൻ കുന്നുമ്മലിൻറെ നടപടിയെ സർക്കാറും തള്ളിപ്പറഞ്ഞു. സർക്കാറും ഗവർണ്ണറും തമ്മിലെ പോരിനിടെയാണ് രജിസ്ടാർക്കെതിരെ വിസി വാളെടുത്തത്. സിൻഡിക്കേറ്റ് ചേരാത്ത സമയത്ത് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന സർവ്വകലാശാല വകുപ്പ് 10(13) അനുസരിച്ചാണ് അസാധാരണ നടപടി. കഴിഞ്ഞ മാസം 25 ന് സെനറ്റ് ഹാളിലെ പരിപാടിക്ക് ഗവർണ്ണർ എത്തിയ ശേഷം അനുമതി റദ്ദാക്കിയെന്നാണ് വിസിയുടെ കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി ചാൻസലറോട് അനാദരവ് കാണിച്ചെന്ന് വിമർശിച്ചാണ് നടപടി.

More Stories from this section

family-dental
witywide