
ഡൽഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ആരോപണങ്ങളിൽ തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. ഞായറാഴ്ച ഉച്ചക്കു ശേഷം കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ആണ് രാഹുലിന് നോട്ടീസ് നൽകിയത്. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുരയിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലൊന്നുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്.
കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്‌തെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റൊണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെതതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്, എന്നാൽ ഇവർ ഒറ്റത്തവണ മാത്രമാണ് വോട്ടു ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
രാഹുൽ ഗാന്ധി കാണിച്ച ടിക്കു ചെയ്ത രേഖ പോളിംഗ് ഓഫീസർ നൽകിയതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാണെന്നും ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ടു ചെയ്തുവെന്ന് തെളിയിക്കുന്ന പ്രസക്തമായ രേഖകൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി. അൻബുകുമാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ കഴിയുമെന്നും കമ്മീഷൻ പറഞ്ഞു.
മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വിജയിക്കാൻ 1,00,250 വ്യാജ വോട്ടുകൾ ബിജെപി സൃഷ്ടിച്ചതായാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ബിജെപിക്ക് മുൻതൂക്കം നൽകാൻ അഞ്ച് രീതികളിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. 2024 ലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം നാളെ നടത്താനിരിക്കുന്ന മാർച്ചിന് മുന്നോടിയായി, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. കർണാടകയിലെ ഒരു ലോക്സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രചാരണം ആരംഭിച്ച രാഹുൽ, തന്റെ ഈ പോരാട്ടത്തിന് ദേശവ്യാപക പിന്തുണ തേടുകയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ, തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പൊതുജനങ്ങളെ പങ്കാളികളാക്കാൻ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ‘വോട്ട്ചോരി.ഇൻ’ എന്ന പേര് നൽകിയ ഒരു വെബ്സൈറ്റും അദ്ദേഹം ആരംഭിച്ചു.