
വാഷിംഗ്ടണ്‍ : യുക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ശ്രമിക്കാത്ത റഷ്യയോട് വ്യാപാരം നടത്തുന്ന രാജ്യങ്ങളെല്ലാം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ്. ഇന്ത്യയോടും ആ നീരസം ട്രംപ് തുറന്നുപ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിര്‍ത്തി.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍), മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് (എംആര്‍പിഎല്‍) എന്നിവയാണ് റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയത്.
എന്നാല്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള നയാര എനര്‍ജി എന്നിവയ്ക്ക് റഷ്യയുമായി വാര്‍ഷിക കരാര്‍ ഉണ്ട്. ഇവര്‍ ഇപ്പോഴും ഇടപാടുകള്‍ തുടരുന്നുണ്ടെങ്കിലും ഇറക്കുമതി അവസാനിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. ദിവസേന 5 ലക്ഷം ബാരല്‍ വീതം വാങ്ങാനുള്ള 10 വര്‍ഷത്തെ കരാറിനാണ് റോസ്‌നെഫ്റ്റുമായി റിലയന്‍സ് ധാരണയിലെത്തിയത്. പക്ഷേ, റിലയന്‍സ് അബുദാബി മര്‍ബന്‍ ക്രൂഡിനായി കരാറിലേര്‍പ്പെട്ടെന്ന് ചില റിപ്പോര്‍ട്ടുകളുമുണ്ട്. റഷ്യയില്‍ നിന്നും എണ്ണ വേണ്ടന്നുവയ്ക്കുന്ന നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് വ്യക്തമല്ല.
യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ച 2022 മുതലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിത്തുടങ്ങിയത്. ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യ വിപണിവിലയേക്കാള്‍ വന്‍തോതില്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുകയായിരുന്നു. കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടുമെന്നതിനാലാണ് ഇന്ത്യ എണ്ണ വാങ്ങിത്തുടങ്ങിയത്.
അതേസമയം, യുക്രൈന്‍ യുദ്ധം കടുത്തതോടെ യൂറോപ്യന്‍ യൂണിയനും യുഎസും മറ്റും റഷ്യയ്ക്കുമേല്‍ ഉപരോധം പ്രഖ്യാപിക്കുകയും റഷ്യന്‍ എണ്ണ വാങ്ങുന്നത് ചുരുക്കുകയും ചെയ്തിരുന്നു. റഷ്യയുമായി വ്യാപാരബന്ധം പുലര്‍ത്തിയാല്‍ 100% ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.