
പുലിറ്റ്‌സർ സമ്മാന ജേതാവായ വാഷിംഗ്ടൺ പോസ്റ്റ് വാർത്താ ഏജൻസിയിലെ വീഡിയോ എഡിറ്റർ തോമസ് ഫാം ലെഗ്രോയ്‌ക്കെതിരെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിന് കുറ്റം ചുമത്തി നീതിന്യായ വകുപ്പ്. നിലവിൽ വാഷിംഗ്ടൺ പോസ്റ്റിൽ വീഡിയോ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന 48 കാരനായ തോമസ് ഫാം ലെഗ്രോയെയാണ് ഡിസി യുഎസ് അറ്റോർണി ജീനൈൻ പിറോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ലെഗ്രോയുടെ വീട് എഫ്ബിഐ ഏജന്റുമാർ റെയ്ഡ് ചെയ്യുകയും അദ്ദേഹത്തിന്റെ വർക്ക് ലാപ്‌ടോപ്പിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന 11 വീഡിയോകൾ അടങ്ങിയ ഒരു ഫോൾഡർ കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പിറോയുടെ ഓഫീസ് അറിയിച്ചു.
സെർച്ച് വാറണ്ട് നടപ്പിലാക്കുന്നതിനിടെ ലെഗ്രോയുടെ ജോലിസ്ഥലത്തെ ലാപ്‌ടോപ്പ് കണ്ടെത്തിയ മുറിക്ക് പുറത്തുള്ള ഇടനാഴിയിൽ നിന്ന് ഒരു ഹാർഡ് ഡ്രൈവിന്റെ തകർന്ന ഭാഗങ്ങളും എഫ്ബിഐ ഏജന്റുമാർ കണ്ടെത്തി. കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ജില്ലാ കോടതിയിൽ ലെഗ്രോയെ ഹാജരാക്കി. അടുത്ത ബുധനാഴ്ചയാണ് തടങ്കൽ വാദം. വാഷിംഗ്ടൺ പോസ്റ്റിൽ 18 വർഷമായി ജോലി ചെയ്യുന്ന ലെഗ്രോയ്ക്ക് കുറ്റം തെളിഞ്ഞാൽ പരമാവധി 20 വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക.
കേസിലെ എഫ്‌ബിഐ സത്യവാങ്മൂലത്തിൽ 2005 ലും 2006 ലും ഒന്നിലധികം ഇ-ഗോൾഡ് അക്കൗണ്ടുകളുമായി ലെഗ്രോയ്‌ക്ക് ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തുന്നവർക്കായി പണം വെളുപ്പിപ്പിക്കുന്നതിന് ഉണ്ടായിരുന്ന ഒരു ഡിജിറ്റൽ പേയ്‌മെന്റ് സേവനമായിരുന്നു ഇ-ഗോൾഡ്. 2007 ൽ ഫെഡറൽ ഏജൻസികൾ കമ്പനിയെ കുറ്റപ്പെടുത്തിയതിനെത്തുടർന്ന് ഡിജിറ്റൽ പേയ്‌മെന്റ് സേവനമായിരുന്ന ഇ-ഗോൾഡ് നിർത്തിവെച്ചു.
മെയ് മാസത്തിൽ ലെഗ്രോയുടെ ഇന്റർനെറ്റ് അക്കൗണ്ട് നിരീക്ഷിക്കാൻ എഫ്‌ബിഐക്ക് കോടതി അനുമതി ലഭിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. 2000 മുതൽ 2006 വരെ വാഷിംഗ്ടൺ പോസ്റ്റിന്റെ സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന ലെഗ്രോ, മുൻ അലബാമ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥി റോയ് മൂറിന്റെ വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് 2018 ൽ പുലിറ്റ്‌സർ സമ്മാനം നേടിയ റിപ്പോർട്ടർമാരുടെ സംഘത്തിന്റെ ഭാഗമായിരുന്നു.